ജുബൈൽ: സചേതനവും അചേതനവുമായ വസ്തുവകകൾ കഥാപാത്രങ്ങളാവുന്ന ലതിക അങ്ങേപ്പാട്ട് രചിച്ച ‘അഗ്നിവർഷം’എന്ന കഥാസമാഹാരം പ്രവാസി വായനക്കാർക്കിടയിൽ ചർച്ചയാവുന്നു.
ദമ്മാമിൽ അധ്യാപികയായ, പാലക്കാട് അങ്ങേപ്പാട്ട് സേതുമാധവൻ നായർ-ലീല ദമ്പതികളുടെ മകളും ദമ്മാമിലെ ഹാപ്കോ കമ്പനി ജനറൽ മാനേജർ ചന്ദ്രഗിരി പ്രസാദിന്റെ ഭാര്യയുമാണ് എഴുത്തുകാരി. കണ്ടതും മുന്നിലെത്തിയതുമായ സംഭവങ്ങളെയും അനുഭവങ്ങളെയും കഥാരൂപത്തിൽ അവതരിപ്പിക്കുക എന്നതാണ് ലതികയുടെ ആഖ്യാന രീതി.
സചേതനവും അചേതനവുമായ വസ്തുക്കൾ കഥാപാത്രങ്ങളായി വരുകയും അവയിലൂടെ കഥ വികസിക്കുകയും ചെയ്യുന്ന വ്യത്യസ്ത രചനാരീതിയാണ് അഗ്നിവർഷം എന്ന ഈ പുസ്തകത്തിലെ 12 കഥകളിലുമുള്ളത്. അനുഭവങ്ങളിൽനിന്ന് ഉടലെടുത്ത കഥകൾക്ക് ഹൃദ്യമായ ഒരു അനുഭവതലം പകർന്നുനൽകാൻ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
‘ഞാൻ ജെ. 126’എന്ന ചെറുകഥ മരണപ്പെട്ടിക്കുള്ളിലെ ഒരാളുടെ ചിന്തകളാണെങ്കിൽ ‘ഒരു കൊലുസോരം’കഥയിൽ നായകന്റെ രണ്ട് ചെരിപ്പുകളാണ് കഥയുടെ ഗതിവിഗതികൾ നിയന്ത്രിക്കുന്നത്. ജയിലഴികൾക്കുള്ളിൽ അകപ്പെട്ടുപോയ മനുഷ്യരുടെ ദൈന്യത പേറുന്ന ‘അഴികൾ പറഞ്ഞത്’വർത്തമാനകാല അവസ്ഥകളോടുള്ള കഥാകാരിയുടെ കലഹമായാണ് വ്യാഖ്യാനിക്കപ്പെടുക.
സ്കൂളിൽ പഠിക്കുന്നകാലം മുതൽ തുടങ്ങിയതാണ് എഴുത്തിനോടുള്ള ആഭിമുഖ്യം. കവിതകളോടായിരുന്നു ഇഷ്ടം. കോവിഡ്കാലത്താണ് കഥകളെഴുതാൻ തുടങ്ങിയത്. അഗ്നിവർഷം പ്രവാസിസമൂഹം ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് ലതിക പറഞ്ഞു. വൈശാഖൻ അവതാരിക എഴുതിയ പുസ്തകത്തിന് സുജീഷ് സുരേന്ദ്രനാണ് കവർ രൂപകൽപന ചെയ്തത്. ഐവറി ബുക്സാണ് പ്രസാധകർ. ഏക മകൾ പൂജ ജോർജിയയിൽ മെഡിസിന് പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.