റിയാദ്: തെരെഞ്ഞടുപ്പ് അടുത്തതോടെ പ്രവാസ ലോകത്തും ചർച്ചക്കും വാക്പയറ്റിനും ചൂടേറി, നാടു പോലെ കാലിച്ചായയും കാലിപൊറാട്ടയും കഴിച്ചു ചർച്ച ചെയ്യാൻ ധാരാളം കേരള റസ്റ്റാറന്റ്കളുമുണ്ടിപ്പോൾ റിയാദിൽ. തനി നാടൻ വൈബിലാണ് ഇവിടെ ചർച്ച പുരോഗമിച്ചു കണ്ടത്. ഇടത് പക്ഷക്കാരനും പ്രവാസി ഇടത് സംഘടന നേതാവുമായ ഷമീർ പരപ്പങ്ങാടിയാണ് തുടങ്ങി വെച്ചത്. ‘ഇക്കുറി പൊന്നാനി ചോപ്പിച്ചും’ എന്ന് തുടങ്ങിയത് ഓർമയുണ്ട് വാഴക്കാട് സ്വദേശിയും ഉറച്ച മുസ്ലിം ലീഗ് പ്രവർത്തകനുമായ ഷബീർ കാവുങ്ങൽ തിരിച്ചടിച്ചത് ‘അയിന് കാക്ക മലർന്ന് പറക്കണമെന്ന്’ ഹംസക്ക് സമദാനി ആകാൻ കഴിയില്ലെന്ന് ഷബീർ തുടർന്നപ്പോൾ ഹംസക്കെന്താണ് കുറവെന്ന് ഷമീറിന്റെ മറുചോദ്യം. സമദാനി വാക്കിലൊള്ളൂ പ്രവൃത്തിയിലില്ലെന്ന് കൂടി ചേർത്തപ്പോൾ കൂടെയിരുന്ന യു. ഡി.എഫ് രാഷ്ട്രീയക്കാർക്കത് ചെന്നുകൊണ്ടു. ബസ് സ്റ്റോപ് ഉണ്ടാക്കലും, അംഗൻവാടി കെട്ടിടത്തിന് പണം കൊണ്ടുവരലുമാണ് എം.പിയുടെ പണി എന്ന ധാരണയാണ് അത് പറയിപ്പിച്ചതെന്നും എം.പിയുടെ വികസനപ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്താൻ ആദ്യം രാജ്യം നിലനിക്കണം,അയിന് സമദാനിയെ പോലെ മോദിക്കും അമിത്ഷാക്കും തിരിയുന്ന ഭാഷയിൽ പാർലമെന്റിൽ കാര്യങ്ങൾ പറയാൻ സമദാനി വരണമെന്ന മറുപടിക്ക് മറുപടി പറയും അന്തരീക്ഷം തണുപ്പിക്കാൻ ആഷിക് അമാൻ ചർച്ച കോഴിക്കോട്ടേക്കു കൊണ്ടു പോയി.
അവിടെ ഇത്തവണ എളമരം കരീമിനെന്ന് ആദ്യവാദം.കോഴിക്കോട് രാഘവേട്ടനെ വിട്ടൊരു കളിയില്ലെന്ന് ജംഷീർ ചെറുവണ്ണൂരിന്റെ വാദം. പുതു തലമുറക്ക് രാഘവേട്ടനെ വേണ്ടെന്ന് രാമനാട്ടുകര സ്വദേശി ഷബീറിന്റെ മറുപടി. കരീമിക്കാക് വയസ്സ് 23 ആണല്ലോ എന്ന ചോദ്യത്തോടെ ചർച്ച ചുരം കേറി വയനാട്ടിലേക്ക് പോയി. വായനാട് മണ്ഡലത്തിലെ വോട്ടർ കൂടിയായ കെൻസി ജോസഫ് രാഹുൽ സ്ഥാനാർഥിയാകുന്നത് അഭിമാനമാണെന്ന് പറഞ്ഞപ്പോൾ ഫാഷിസം വാഴുന്നിടത്ത് പോരാടി ജയിക്കലായിരുന്നു അന്തസ്സെന്ന് മറുവിഭാഗം. ഇതിനിടയിൽ പലതവണ ഭക്ഷണത്തിന് ഓർഡറെടുക്കാൻ ആളുവന്നെങ്കിലും സംഘർഷാന്തരീക്ഷത്തിൽ ഇടപെടാതെ മടങ്ങി. ഇതെല്ലാം കണ്ട് കൂട്ടത്തിലെ കാരണവരായ മൂസക്ക ഒന്നും മിണ്ടാതെ ഇരുപ്പ് തുടരുകയായിരുന്നു. ഒടുവിൽ അദ്ദേഹം പ്രതികരിച്ചു. ആര് ജയിച്ചാലും വേണ്ടീല ആര് തോറ്റാലും വേണ്ടീല ഞമ്മക്കെന്താ. പള്ള പയിച്ചിണ്ട് ഓഡർ കൊടുക്കി. പ്രവാസികൾക്ക് വോട്ടവകാശം സാധ്യമാക്കാത്തതിന്റെ പ്രതിഷേധം കൂടിയാണ് മൂസാക്കയുടെ വാക്കുകളിൽ
പ്രതിധ്വനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.