സുന്ദരമായ പൂക്കളാൽ സമൃദ്ധമായ ഒരു പൂന്തോട്ടത്തിൽവെച്ച് ഏതു പൂവിനാണ് കൂടുതൽ സൗന്ദര്യം എന്ന ചോദ്യത്തേക്കാൾ പ്രയാസമായിരിക്കും പ്രവാസലോകത്ത് സുഹൃത്തിനെ തെരഞ്ഞെടുക്കാൻ. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള കുസുമങ്ങൾ ജീവിതത്തിൽ പരിമളം പരത്തുന്നുണ്ട്. ആ വസന്തത്തിലെ ഒരിതൾ മാത്രം നുള്ളിയെടുക്കുന്നു. ഒരേ വയർ പകുത്തുജനിക്കാതെ തന്നെ കൂടെപ്പിറപ്പാവും എന്നു തെളിഞ്ഞ ബന്ധമാണ് 'അമ്മ' എന്ന് എെൻറ കുട്ടികൾ സ്നേഹപൂർവം വിളിക്കുന്ന ജയശ്രീയുമായി. ആ സൗഹൃദം കടൽപോലെ വിശാലമാണ്.
എത്രമേൽ ആഴ്ന്നിറങ്ങുന്നുവോ അത്രമേൽ കുളിർമയും അത്ഭുതവും! കുന്നുപോലെ ഉള്ള കാര്യം എങ്ങനെ കുന്നിക്കുരു ആക്കുമെന്ന ചങ്കിടിപ്പിലാണ് കുത്തിക്കുറിക്കുന്നത്. പ്രേത്യകിച്ചൊരു സംഭവം എടുത്തുപറഞ്ഞാൽ മറ്റൊന്ന് ആവാക്കിനെ മുറിച്ചുകളയും. അത്രക്ക് ഇഴകിച്ചേർന്നു മുഴുജീവിതത്തിലും... ഒരേ രക്തം സിരകളിൽ ഒഴുകുന്ന പോലെ... ജാതി മതഭേദം എന്താണെന്നുപോലും ഒരു ചുമരിെൻറ മാത്രം അകലം പങ്കിടുന്ന ഞങ്ങൾക്കറിയില്ല. റമദാനിൽ അത്താഴത്തിന് എഴുന്നേറ്റും എഴുന്നേൽപ്പിച്ചും ജയശ്രീ നോമ്പ് പിടിക്കും. പെരുന്നാളും ഓണവും ഒരുമിച്ച്. ഞങ്ങൾക്കായി മുസല്ലയും ഖുർആനും അവരുടെ റൂമിലും വാങ്ങിവെച്ചിട്ടുണ്ട്. എനിക്ക്, അസുഖമാണെന്നറിഞ്ഞാൽ എഴുന്നേൽക്കുമ്പോഴേക്കും ഭക്ഷണം ടേബിളിൽവെച്ച് പതുങ്ങിപോകും. രണ്ടു വീടിെൻറയും താക്കോലുകൾ പരസ്പരം സൂക്ഷിക്കുന്നതിനാൽ വിളിച്ചുണർത്താതെ കാര്യം സാധിക്കും.
എന്നിൽ അശ്രദ്ധയും മടിയും കണ്ടാൽ ശാസിക്കുന്ന ഉമ്മയാവും. സന്തോഷത്തിലും ദുഃഖത്തിലും ഇഴുകിചേർന്ന് സഹോദരിയാവും. ഓർക്കാപ്പുറത്ത് വിടപറഞ്ഞ അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞു കരയുമ്പോൾ കൊച്ചുകുട്ടിയാവും. അതാണെെൻറ ജയശ്രീ... അറിയാതെ പോലും ആഗ്രഹങ്ങൾ ജയശ്രീക്ക് മുന്നിൽ പറയാറില്ല. പിന്നെ അതിനുള്ള നീക്കമാവും. ഓരോ യാത്രയിലും മനസ്സുകൊണ്ട് അവർ കൂടെ സഞ്ചരിച്ച് കാവലാളായി.... ലോകത്തെ മുഴുവൻ ജീവിതവും മാറ്റിമറിച്ച മഹാമാരിക്ക് മുന്നിൽ പകച്ചുപോയ നിമിഷം..! എങ്ങനെ അകൽച്ച പാലിക്കും? അതായിരുന്നു വേദന... ഒടുവിൽ രോഗം വന്നാൽ രണ്ടു വീട്ടുകാർക്കും വരും എന്ന നയത്തിൽ ഇഴകിച്ചേർന്നു തന്നെ മുന്നോട്ടു പോയി... നാട്ടിൽ വർഗീയതയുടെയും വംശീയതയുടെയും പേരിൽ പരസ്പരം വിദ്വേഷം വമിപ്പിമ്പോൾ ഒരുപോലെ നോവും ഞങ്ങൾക്കിടയിൽ. പ്രവാസികൾക്കിടയിൽ ആദർശങ്ങളുടെയും ആശയത്തിെൻറയും വ്യത്യസ്തയുടെ പേരിൽ അകൽച്ച കണ്ടിട്ടില്ല. കൃഷ്ണനും യേശുവും മുഹമ്മദ് നബിയും ഒരേതാളത്തിലും ലയത്തിലും ഒരു റൂമിൽ വാഴ്ത്തപ്പെടുന്നത് പ്രവാസികളിൽ മാത്രം. ഒരാൾക്കും മുറിക്കാനോ വളയ്ക്കാൻ പോലുമോ കഴിയാത്ത കണ്ണിയായി എന്നുമെന്നും ജയശ്രീയ്ക്കൊപ്പം....
ജമീലാ മുനീർ, ജിദ്ദ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ. ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക. 100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും. വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.