അൽ ഖോബാർ: പിറന്ന നാടും നാട്ടുവഴികളും മേളവും പൂരവും പ്രവാസികൾക്ക് എന്നും ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ തന്നെയാണ്. അത്തരമൊരു മേളയുടെ പാശ്ചാത്തലത്തിൽ നാടിന്റെ പരിച്ഛേദത്തെതന്നെ ഒരുക്കി ലുലു കിഴക്കൻ പ്രവിശ്യ റീജനിൽ ഷോപ്പിങ് ഫെസ്റ്റിവൽ സന്ദർശകർക്ക് വിസ്മയക്കാഴ്ചയായി. 70-80കളിലെ സിനിമ ഗാനങ്ങളാൽ നിറഞ്ഞുനിന്ന പൂരപ്പറമ്പ് കേൾവിക്കും ആസ്വാദ്യകരമായ അനുഭവമായി. മേയ് 24 ന് ആരംഭിച്ച ലുലു കിഴക്കൻ പ്രവിശ്യ ഷോപ്പിങ് ഫെസ്റ്റിവൽ വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകർഷിച്ചുവരുന്നു.
ജൂൺ ആറു വരെ നീണ്ടുനിൽക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കായിക മത്സരങ്ങളും കലാപരിപാടികളുമുണ്ട്. കുട്ടികൾക്കായി പ്രത്യേകം ഗെയിമിങ് സോൺതന്നെ ഒരുക്കിയിട്ടുണ്ട്. വൻ ഓഫറുകളും സമ്മാനപദ്ധതികളും മേളയുടെ മറ്റൊരു ആകർഷണമാണ്. 50,000 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറുകളും ട്രോളി ഫ്രീ സാധനങ്ങളുമടങ്ങുന്ന സമ്മാനങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. സൗദിയിലെ അൽ ഖോബാർ, ദമ്മാം, ജുബൈൽ, അൽഹസ്സ ഉൾപ്പെടെ കിഴക്കൻ പ്രവിശ്യയിലെ എല്ലാ ഔട്ട് ലെറ്റുകളിലും ഷോപ്പിങ് മേള നടക്കുന്നുണ്ട്.
നാടൻ തട്ടുകടകൾ മുതൽ കളിപ്പാട്ടങ്ങളുടെ കലവറയും വിവിധ തരം കോഴിക്കോടൻ ഹൽവയും നാടൻ തട്ട് ദോശയും കട്ടൻ കാപ്പിയും കപ്പ പുഴുക്കും മുളക് ചമ്മന്തിയും കുൽക്കി സർബത്തും പൊരി വിഭവങ്ങളും ഉപ്പിലിട്ടതും മാത്രമല്ല, രുചിപ്പെരുമയിൽ കേൾവി കേട്ട ദം മുതൽ മലബാർ ബിരിയാണിവരെ മേളയിൽ പങ്കെടുക്കുന്നവർക്ക് പുത്തൻ അനുഭവമായി മാറിയിട്ടുണ്ട്. ‘ആശാന്റെ ചായപ്പീടിക’, ‘ഹുറീബിന്റെ ഹൽവക്കട’, ‘അയ്മുട്ടിക്കാന്റെ മിഠായിക്കട, ‘ബീരാന്റെ’ ഹോട്ടൽ തുടങ്ങിയ പേരുകളിൽ ലൈവ് സ്റ്റാളുകളുമുണ്ട്. വിശ്രമത്തിനും നാട്ടു വർത്തമാനത്തിനും തണലായി ആൽമരവും ആൽത്തറയും ഒരുക്കിയിട്ടുണ്ട്.
പടിപ്പുരയും വഴിക്കിണറും സ്വീകരിക്കാൻ വലിയ രണ്ടു കരിവീരൻമാരും കമാനവും. കൂടാതെ സ്റ്റാളുകളിൽ ഓരോന്നിലും പഴയ ഹിറ്റ് സിനിമകളുടെ പോസ്റ്ററുകളുമെല്ലാം അലങ്കാരവും പോയ കാലത്തെ നൊസ്റ്റാൾജിക് ഫീലും സമ്മാനിക്കുന്നതായി. ഭക്ഷ്യ വിപണന മേളക്കൊപ്പം ഫുഡ് ആൻഡ് ഫൺ ഫെസ്റ്റിവൽ കൂടിയായി ക്രമീകരിച്ച മേളയിൽ നിരവധി കൗതുക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. ടിക് ടോക് ചലഞ്ച് മത്സരവും ലൈവ് മ്യൂസിക് ബാൻഡും സംഘടിപ്പിക്കുന്നുണ്ട്. തങ്ങളുടെ സ്ഥാപനത്തിലെ തന്നെ ദീർഘകാല ജീവനക്കാരായ രണ്ട് സഹോദരങ്ങളെയും അവരുടെ പിതാവിനെയും മുഖ്യാതിഥികളാക്കിക്കൊണ്ടായിരുന്നു ലുലു ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങ്. സഹോദരങ്ങളായ അബ്ദുൽ അസീസ് അൽ ദോസരിയും ഹമദ് അൽ ദോസരിയും തങ്ങൾക്കൊപ്പം പിതാവായ 64 കാരൻ യൂസുഫ് അൽ ദോസരിയും (റിട്ട. എയർബേസ് ജീവനക്കാരൻ) കൂടിയാണ് മേള ഉദ്ഘാടനം ചെയ്തത്. ലുലു കിഴക്കൻ പ്രവിശ്യ റീജനൽ മാനേജർ സലാം സുലൈമാനും കമേഴ്സ്യൽ മാനേജർ ഹാഷിം കുഞ്ഞഹമ്മദും ജനറൽ മാനേജർ ശ്യാമും ചേർന്ന് അതിഥികളെ ആദരിച്ചു. പൂര കാഴ്ചകൾ കണ്ട് രുചി വൈവിധ്യമാസ്വദിച്ചും ഓഫറുകളും നേടാനുമായി നിരവധി ആളുകളാണ് ഷോപ്പിങ് മേളയിൽ പങ്കെടുക്കാൻ എത്തുന്നത്. രണ്ടാഴ്ച നീളുന്ന മേളക്ക് വ്യാപക സ്വീകാര്യതയാണ് സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.