റിയാദ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഭാരവാഹികൾ കരുനാഗപ്പള്ളിയിൽ വാർത്തസമ്മേളനം നടത്തുന്നു
റിയാദ്/കരുനാഗപ്പള്ളി: റിയാദ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 20ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മൈത്രി കാരുണ്യഹസ്തം പദ്ധതിയിലൂടെ 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ശനിയാഴ്ച വിതരണം ചെയ്യും. കരുനാഗപ്പള്ളി താലൂക്കില്‍പ്പെട്ട 200 കാന്‍സര്‍ രോഗികൾക്ക് 10,000 രൂപ നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2025 ഏപ്രില്‍ 26 ശനിയാഴ്ച് ഉച്ചക്ക് രണ്ട് മുതല്‍ കരുനാഗപ്പള്ളി ശ്രീധരീയം കണ്വെന്ഷന് സെന്ററില്‍ പ്രമുഖ കാന്‍സര്‍ രോഗവിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന് ‘കാന്‍സറിനെ പേടിക്കേണ്ട’ എന്ന വിഷയത്തെ ആസ്പദമാക്കി നയിക്കുന്ന ക്ലാസും അതോടൊപ്പം സംശയ നിവാരണ അവസരവും ഉണ്ടായിരിക്കും.
തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക പരിപാടി മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. സാമ്പത്തിക സഹായ വിതരണം അഡ്വ. അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം സി.ആര്. മഹേഷ് എം.എല്‍.എ, സാമ്പത്തിക സഹായ വിതരണം ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ, കോവൂര്‍ കുഞ്ഞുമോൻ എം.എല്‍.എ എന്നിവർ നിർവഹിക്കും.
നഗരസഭ ചെയര്മാന് പടിപ്പുര ലത്തീഫ്, അഡ്വ. എ.എം. ആരിഫ് (മുന്‍ എം.പി), ഗാന്ധിഭവന് സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പുനലൂര്‍ സോമരാജന്, സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്ത്തകന് നസീര്‍ വെളിയില്‍, പ്രവാസി ഭാരതീയ പുരസ്കാര ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിഹാബ് കൊട്ടുകാട് തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ വ്യാവസായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിക്കും. ജീവകാരുണ്യ രംഗത്തെ സേവനങ്ങള്‍ മാനിച്ച് ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് സി.ഇ.ഒ ഫിറോസ് നല്ലാന്തറയില്‍, ശ്രീധരീയം കണ്വെന്ഷന് സെന്റര്‍ മാനേജിങ് ഡയറക്ടര്‍ മദനന് പിള്ള എന്നിവരെ മൈത്രി കൂട്ടായ്മ ചടങ്ങില്‍ ആദരിക്കും.
റിയാദിലുള്ള കരുനാഗപ്പള്ളി താലൂക്കുകാരുടെ കൂട്ടായ്മയായി 2005-ല്‍ രൂപവത്കരിച്ചതാണ് മൈത്രി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ ഇതിനോടകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേര്‍ക്ക് ആശ്വാസം പകര്‍ന്നുകഴിഞ്ഞു.
കരുനാഗപ്പള്ളി പ്രദേശക്കാരുടെ കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം ദേശ, ഭാഷ, മത വ്യത്യാസമില്ലാതെ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള ആളുകള്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ മൈത്രിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡൻറ് റഹ്മാന് മുനമ്പത്ത്, ജനറല്‍ കണ്‍വീനറും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ ഷംനാദ് കരുനാഗപ്പള്ളി, ചെയര്മാന് ബാലുക്കുട്ടന്‍, ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി, വൈസ് പ്രസിഡൻറ് നാസര്‍ ലെയ്സ്, മൈത്രിയുടെ ആദ്യകാല പ്രസിഡൻറ് നൗഷാദ് ഫിദ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.