ജിദ്ദ: ഹജ്ജ് തീർഥാടകരുടെ യാത്ര നടപടികൾ അതത് രാജ്യങ്ങളിൽനിന്ന് പൂർത്തിയാക്കുന്ന ‘മക്ക റോഡ്’ പദ്ധതി ഇത്തവണ ഏഴ് രാജ്യങ്ങളിൽനിന്ന്. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കിയ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളാണ് ഇത്തവണ പദ്ധതിക്ക് കീഴിലുള്ളത്.
ഇതിൽ തുർക്കിയ, ഐവറി കോസ്റ്റ് രാജ്യങ്ങളിൽ ആദ്യമായാണ് പദ്ധതി നടപ്പാക്കുന്നത്. വിഷൻ 2030 െൻറ ഭാഗമായാണ് സൗദി ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി ആരംഭിച്ചത്. ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. വരും വർഷങ്ങളിൽ കൂടുതൽ രാജ്യങ്ങളെ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഹജ്ജ് തീർഥാടകരുടെ യാത്ര നടപടികൾ അവരുടെ രാജ്യങ്ങളിൽനിന്ന് എളുപ്പത്തിലും സുഗമമായും പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതാണ് ‘മക്ക റോഡ്’ പദ്ധതി. ബയോമെട്രിക് അടയാളങ്ങൾ രേഖപ്പെടുത്തി, വിസ ഇലക്ട്രോണിക് രീതിയിൽ ഇഷ്യൂ ചെയ്യുന്നതിൽ തുടങ്ങി പുറപ്പെടുന്ന രാജ്യത്തെ വിമാനത്താവളത്തിൽ പാസ്പോർട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് വരെ പദ്ധതിലുൾപ്പെടും.
സൗദി ഗതാഗത, പാർപ്പിട ക്രമീകരണങ്ങൾക്കനുസരിച്ച് ലഗേജുകൾ കോഡ് ചെയ്യുന്നതും തരംതിരിക്കുന്നതും പദ്ധതിയിലുണ്ട്. സൗദിയിലെ പ്രവേശന കവാടങ്ങളിൽ എത്തിച്ചേരുമ്പോൾ വിമാനത്താവളങ്ങളിൽ കാലതാമസമില്ലാതെ മക്ക, മദീന എന്നിവിടങ്ങളിലെ താമസ കേന്ദ്രങ്ങളിലേക്ക് തീർഥാടകർക്ക് വേഗത്തിലെത്താനാകുമെന്നാണ് പദ്ധതിയിലൂടെ നേട്ടം. ഇവർക്ക് പ്രവേശന കവാടങ്ങളിൽ പ്രത്യേക പാതകളുണ്ടാകും. ലഗേജുകൾ നേരിട്ട് താമസസ്ഥലങ്ങളിലെത്തിക്കുകയും ചെയ്യുന്നതായിരിക്കും.
സൗദി വിദേശകാര്യ, ആരോഗ്യം, ഹജ്ജ്, ഉംറ മന്ത്രാലയങ്ങൾ, സിവിൽ ഏവിയേഷൻ അതോറിറ്റി, സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ അതോറിറ്റി, പിൽഗ്രിംസ് സർവിസ് പ്രോഗ്രാം, പാസ്പോർട്ട് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നു. പദ്ധതിക്ക് കീഴിലെ ആദ്യസംഘം ഞായറാഴ്ച പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. മലേഷ്യയിലെ ക്വാലാലംപുരിൽ നിന്ന് സംഘം യാത്ര തിരിച്ചത്. രണ്ടാമത്തെ സംഘം ധാക്കയിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.