ദമ്മാം: നീതിയും നിയമവും രാഷ്ട്രീയ മര്യാദകളും മറന്ന് എതിർപക്ഷത്തെ അധികാരംകൊണ്ട് വേട്ടയാടുന്ന ഫാഷിസ്റ്റ് ഭരണത്തിൽ അതിനെതിരെ നിലകൊള്ളുക എന്നത് ഏറ്റവും ത്യാഗമാകുകയാണെന്ന് മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയി പറഞ്ഞു. ഗൾഫിലെ ഒ.ഐ.സി.സി ജില്ലാകമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എത്തിയ അദ്ദേഹം ദമ്മാമിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
കേരളത്തിലെ സർക്കാർ പ്രത്യക്ഷമായിത്തന്നെ ബി.ജെ.പിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. വേട്ടയാടാൻ കാരണങ്ങളും തെളിവുകളും ഏറെയുണ്ടായിട്ടും പിണറായി സർക്കാരിനെ മോദി വെറുതെ വിടുന്നത് സ്വാഭാവികമാണന്ന് കരുതാനാവില്ല. സ്വർണക്കടത്തും കള്ളനോട്ടുകേസും എങ്ങുമെത്താത്തത് പരസ്പരമുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണ്. ഇരുതലമൂർച്ചയുള്ള വാളുപോലെ കേന്ദ്ര, കേരള സർക്കാരുകൾ ജനങ്ങൾക്ക് ദുരിതവും ദുഃഖവും സമ്മാനിക്കുകയാണ്.
ഇത്തരം സാഹചര്യത്തിൽ നമ്മൾ അഭിമുഖീകരിക്കാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പ് അതീവ പ്രധാന്യമേറിയതാണ്. രാജ്യത്ത് ജനാധിപത്യം നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം കൂടിയാണിത്. കോൺഗ്രസിലെ അഭിപ്രായ ഭിന്നതകളൊന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്നതിൽ തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അവസ്ഥകളേക്കാൾ വലിയ പ്രതിസന്ധി കോൺഗ്രസ് തരണം ചെയ്തിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം നേടി കോൺഗ്രസ് തിരിച്ചുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പ്രചരണ രംഗത്ത് ബി.ജെ.പിയേയും ഇടത് സൈബർ പോരാളികളേയും മറികടക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഞങ്ങൾക്ക് വാർ റൂമുകളും പോരാളികളുമില്ല. മറിച്ച് സത്യം പ്രചരിപ്പിക്കുന്ന, മാന്യതയും സമാധാനവും അടിസ്ഥാനമാക്കി കള്ളങ്ങളെ പ്രതിരോധിക്കുന്ന, രാഷ്ട്രീയ ബോധമുള്ള യുവാക്കളുടെ നിര ഡിജിറ്റൽ മേഖലയിൽ അണിനിരക്കും. മുമ്പെങ്ങുമില്ലാത്ത വിധത്തിൽ രാഷ്ട്രീയ ഇച്ചാശക്തിയുള്ള യുവാക്കൾ കോൺഗ്രസിന് പിന്നിൽ അണിനിരന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫിലെ കോൺഗ്രസ് പ്രവർത്തകരെക്കൂടി നാട്ടിലെ കമ്മിറ്റികളിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ചുവരികയാണന്നും തങ്ങളുടെ സന്ദർശന ലക്ഷ്യം അതുകൂടി ഉൾപ്പെടുന്നതാണന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു, കെ.പി.സി.സി ൈമനോറിറ്റി മലപ്പുറം ജില്ലാ വൈസ് ചെയർമാൻ സക്കീർ ഹുസൈൻ എന്നിവരും വി.എസ്. ജോയിയെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.