ജിസാൻ: വസ്‌ത്രം അലക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ജിസാനിനടുത്ത് അബൂഅരീഷിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. പുറക്കാട് തോട്ടപ്പള്ളി ദേവസപ്പറമ്പ് വീട്ടിൽ സുമേഷ് സുകുമാരനാണ് (39) അബൂഅരീഷ് കിങ് ഫഹദ് ആശുപത്രിക്ക് സമീപമുള്ള താമസസ്ഥലത്തുവെച്ച് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സഹപ്രവർത്തകർ ജുമുഅ നമസ്‌കാരത്തിനായി പള്ളിയിൽ പോയ സമയത്ത് ഇദ്ദേഹം വസ്ത്രം അലക്കുന്നിനിടെ ഷോക്കേൽക്കുകയായിരുന്നു. റൂമിലുള്ളവർ തിരിച്ചെത്തിയപ്പോൾ വൈദ്യുതാഘാതമേറ്റ് വാഷിംഗ് മെഷീനു സമീപം ഇദ്ദേഹം അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ അടുത്തുള്ള കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഖമീസ് മുശൈത്ത് ആസ്ഥാനമായ അൽഹിഷാം കോൺട്രാക്റ്റിംഗ് കമ്പനിയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ടെക്‌നീഷ്യനായി ഒമ്പത് വർഷത്തോളമായി ജോലിചെയ്തുവരികയായിരുന്നു സുമേഷ് സുകുമാരൻ. അടുത്തമാസം നാട്ടിൽ അവധിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. പിതാവ്: സുകുമാരൻ, മാതാവ്: ഷൈനി, ഭാര്യ: കാവ്യ, മകൻ: സിദ്ധാർഥ് (ഏഴ്). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.