ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പഴം-പച്ചക്കറി, മത്സ്യ-മാംസ വിപണികളിലെ ക്രമക്കേടും അനധികൃത തൊഴിലാളികളെയും കണ്ടെത്തുന്നതിന് വിവിധ മന്ത്രാലയങ്ങളുടെയും സുരക്ഷസേനകളുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരവധിയാളുകൾ പിടിയിലായി. വ്യാഴാഴ്ച പുലർച്ചെ അപ്രതീക്ഷിതമായിട്ടായിരുന്നു പരിശോധന. പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയം, പ്രിവൻറിവ് സെക്യൂരിറ്റി ഡിവിഷൻ, മാനവവിഭവശേഷി മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ദമ്മാം പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കലും ആരോഗ്യ ബോധവത്കരണവും ലക്ഷ്യമാക്കിയാണ് സംഘമെത്തിയത്.
സ്വദേശി പൗരന്മാർക്കുള്ള തസ്തികകളിൽ ജോലിചെയ്ത 30ലധികം ആളുകളെ പഴം-പച്ചക്കറി മാർക്കറ്റിൽനിന്നും പിടികൂടി. അനധികൃതമായി സ്ഥാപിച്ച സ്റ്റാളുകളും കണ്ടുകെട്ടി. അനധികൃത അറവുശാലകളിൽനിന്നും 32ഓളം ആളുകളെ പിടികൂടി. 521 കിലോഗ്രാം കേടായ പച്ചക്കറികളും മത്സ്യവും മാംസവും പിടിച്ചെടുത്തു. തൊഴിൽ ചട്ടം ലംഘിച്ചവരെ അതത് വകുപ്പുകൾക്ക് കൈമാറുമെന്നും മാർക്കറ്റുകളിലും അറവുശാലകളിലും നടപടിക്രമങ്ങളും പ്രവർത്തനങ്ങളും പരിശോധിച്ച് നടപടിയെടുക്കുമെന്നും കിഴക്കൻ മേഖലയിലെ പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഡയറക്ടർ ജനറൽ എൻജി. അമർ അൽമുതൈരി പറഞ്ഞു. മാർക്കറ്റുകളിലെ എല്ലാ നിയമ ലംഘകരെയും പിടികൂടി ചരക്കുകളും വാഹനങ്ങളും കണ്ടുകെട്ടുമെന്നും അൽമുതൈരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.