മക്ക ഹറമിൽനിന്നുള്ള റമദാൻ കാഴ്ചകൾ
മക്ക: റമദാനിലെ അവസാന 10ൽ മസ്ജിദുൽ ഹറമിലെ അനിയന്ത്രിതമായ തിരക്ക് കുറക്കാൻ അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കാൻ വിശ്വാസികളോട് ആവർത്തിച്ച് ഇരുഹറം കാര്യാലയം. മക്കയിലെ ജനക്കൂട്ടത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിൽ സുരക്ഷ വിഭാഗങ്ങളുമായി എല്ലാ വിശ്വാസികളും പൂർണമായും സഹകരിക്കണമെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് മതകാര്യ പ്രസിഡൻസി മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് അഭ്യർഥിച്ചു.
ആരാധകരുടെ സുരക്ഷക്കായി ഹറമിൽ നടപ്പാക്കുന്ന ഓരോ നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കാൻ എല്ലാവരും ഏറെ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഊന്നിപ്പറഞ്ഞു. മസ്ജിദുൽ ഹറമിലെ രാത്രി നമസ്കാരത്തെക്കുറിച്ചും ലൈലത്തുൽ ഖദ്റിന്റെ (വിധി നിർണായക രാവ്) പ്രാധാന്യം തിരിച്ചറിയാനും അതിനെ ഗൗരവമായി കാണാനും വിശ്വാസികൾക്ക് കഴിയണം. റമദാനിന്റെ അവസാന നാളുകൾ സൽക്കർമങ്ങൾ കൂടുതൽ ചെയ്യാൻകൂടി വിശ്വാസികൾക്ക് സാധ്യമാകണമെന്നും മക്കയിലെ മസ്ജിദുൽ ഹറാം ഇമാം കൂടിയായ സുദൈസ് ഓർമപ്പെടുത്തി.
റമദാൻ അവസാന ദിനങ്ങളിലേക്ക് അടുത്തതോടെ കടുത്ത തിരക്കാണ് ഇരു ഹറമുകളിലും അനുഭവപ്പെടുന്നത്. റമദാനിൽ ഉംറ നിർവഹിക്കാനും ഹറമിലെ ഇഫ്താറിനും രാത്രി നമസ്കാരങ്ങളിലും പങ്കെടുക്കാനും വിദേശ രാജ്യങ്ങളിൽനിന്നും സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. 15 ലക്ഷത്തിലധികം പേർ ഓരോ ദിവസവും ഹറമിലെത്തുന്നതായാണ് കണക്ക്.
മക്കയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കടുത്ത ട്രാഫിക് നിയന്ത്രണവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ഹറം പരിധിക്ക് പുറത്ത് വാഹനങ്ങൾക്കായി പ്രത്യേകം പാർക്കിങ്ങുകളും കൂടുതലായി സജ്ജീകരിച്ചിട്ടുണ്ട്. മക്കയിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും സുഗമമായി കർമങ്ങൾ ചെയ്യാനും സമാധാനത്തോടെ മടങ്ങാനും എല്ലാവിധ സൗകര്യവും സുരക്ഷയും ഒരുക്കാൻ വിപുലമായ പദ്ധതികളാണ് വിവിധ സുരക്ഷാവകുപ്പുകൾക്ക് കീഴിൽ ഹറമിൽ പൂർത്തിയാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.