റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിനു (എം.ഒ.എച്ച്) വേണ്ടി കേളി കലാസാംസ്കാരികവേദി സംഘടിപ്പിച്ച അഞ്ചാമത് മെഗാ രക്തദാന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. റമദാൻ മാസത്തിൽ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിന് മന്ത്രാലയം ആവശ്യപ്പെട്ടപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ലുലു ഹൈപ്പർ മാർക്കറ്റിന്റെയും സഫമക്ക പോളിക്ലിനിക്കിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാർച്ച് 25ന് മലാസിലെ പുതിയ ലുലു മാളിൽ നടന്ന ക്യാമ്പ് രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു മണി വരെ നീണ്ടുനിന്നു. ഇന്ത്യക്കാരും ഇതര രാജ്യക്കാരുമായ ആയിരത്തോളം പേർ ക്യാമ്പിനെത്തിയിരുന്നു. 539 പേരുടെ രക്തം സ്വീകരിച്ചു. മുൻ വർഷങ്ങളിലുണ്ടായിട്ടുള്ള മദീന ബസപകടം, മക്ക ക്രെയിൻ ദുരന്തം എന്നിവയിലെല്ലാം കേളിയുടെ രക്തദാനം വളരെ സഹായകമായിട്ടുള്ളതായി റിയാദ് ബ്ലഡ് ബാങ്ക് ഡയറക്ടർ മുഹമ്മദ് ഫഹദ് അൽ മുത്തേരി പറഞ്ഞു. ക്യാമ്പിന്റെ സമാപന ചടങ്ങിൽ ജീവകാരുണ്യ വിഭാഗം കൺവീനർ മധു എടപ്പുറത്ത് ആമുഖപ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ചു.
ക്യാമ്പ് കോഓഡിനേറ്റർ ഷമീർ കുന്നുമ്മൽ, കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, എം.ഒ.എച്ച് ബ്ലഡ് ബാങ്ക് ഡയറക്ടർ മുഹമ്മദ് ഫഹദ് അൽ മുത്തേരി, ലുലു ഹൈപ്പർ മാർക്കറ്റ് മലാസ് ബ്രാഞ്ച് മാനേജർ മുജീബ് എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതിനുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഉപഹാരവും സർട്ടിഫിക്കറ്റും ബ്ലഡ് ബാങ്ക് ഡയറക്ടർ മുഹമ്മദ് ഫഹദ് അൽ മുത്തേരിയിൽനിന്ന് കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ ഏറ്റുവാങ്ങി.
കേളി ജീവകാരുണ്യ വിഭാഗം ചെയർമാൻ നസീർ മുള്ളൂർക്കര നന്ദി പറഞ്ഞു. മലാസ് ഏരിയ സെക്രട്ടറി സുനിൽ കുമാർ, ജീവകാരുണ്യ കമ്മിറ്റി അംഗം സുജിത്ത്, ജീവകാരുണ്യ വിഭാഗം കൺവീനർ മധു ഏടപ്പുറത്ത്, ചെയർമാൻ നസീർ മുള്ളൂർക്കര, സലീം മടവൂർ, അനിൽ, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, ചെയർമാൻ ബിജു തായമ്പത്ത്, നൗഷാദ്, കേളി വളന്റിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.