മക്ക: മക്കയിൽ ലൈസൻസുള്ള ഹോട്ടൽ മുറികളുടെ എണ്ണം 2,68,000 ആയി ഉയർന്നു. 2023-നെ അപേക്ഷിച്ച് 64 ശതമാനം വളർച്ചാനിരക്കാണ് ഈ രംഗത്തുണ്ടായത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലും നഗരങ്ങളിലും 2024ൽ ഏറ്റവും കൂടുതൽ ഹോട്ടൽ മുറികൾക്ക് ലൈസൻസ് നൽകിയ സ്ഥലം മക്കയാണെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
മക്കയിലെ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തുന്ന സന്ദർശകരുടെ അവകാശങ്ങൾ ഉറപ്പാക്കാനാണ് മന്ത്രാലയം ഇതിലൂടെ താൽപര്യപ്പെടുന്നത്. അവർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്.
ആവശ്യമായ ഓപറേറ്റിങ് ലൈസൻസുകൾ നേടുന്നതിനുള്ള എല്ലാ ഹോട്ടലുകളുടെയും പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയത്തിന്റെ സൂപ്പർവൈസറി ടീമുകൾ വർഷം മുഴുവനും തുടർച്ചയായ നിരീക്ഷണവും പരിശോധനാ ടൂറുകളും മക്കയിൽ നടത്തുന്നുണ്ട്. ടൂറിസം നിയമത്തിലും ഹോസ്പിറ്റാലിറ്റി ഫെസിലിറ്റീസ് റെഗുലേഷനുകളിലും അനുശാസിച്ചിരിക്കുന്നവക്ക് അനുസൃതമായി എല്ലാ ലംഘനങ്ങളും നിരീക്ഷിക്കുകയും സൗകര്യങ്ങൾ ലംഘിച്ചതിന് നിർദിഷ്ട പിഴകൾ ചുമത്തുകയും ചെയ്യുന്നു.
‘ഞങ്ങളുടെ അതിഥികൾ മുൻഗണനയാണ്’ എന്ന കാമ്പയിനിലൂടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് മക്കയിലെ ഹോസ്പിറ്റാലിറ്റി ഫെസിലിറ്റി ലൈസൻസുകളുടെ എണ്ണത്തിൽ തുടർച്ചയായ ഈ വളർച്ചയുണ്ടായത്.
സന്ദർശകർക്ക് ടൂറിസം സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഓപ്പറേറ്റർമാർ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ടൂറിസം പ്രവർത്തനങ്ങൾ ടൂറിസം സംവിധാനത്തിനും അതിന്റെ നിയന്ത്രണങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് കാമ്പയിൻ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.