മക്ക നഗരസഭ സജ്ജം, സേവനത്തിന് 22,000 പേർ

ജിദ്ദ: ഹജ്ജ് സീസണിലെ പ്രവർത്തന പദ്ധതിക്കായി മക്ക നഗരസഭയും ഉപ നഗരസഭകളും സേവന കേന്ദ്രങ്ങളും സജ്ജമായി. വിവിധ വകുപ്പുകളുമായി സഹകരിച്ച് സേവനങ്ങൾ ഒരുക്കുന്നതിന് മാനവവിഭവശേഷി ഉപയോഗപ്പെടുത്തുമെന്ന് മേയർ ഇൻ ചാർജ് സ്വാലിഹ് അൽതുർക്കി പറഞ്ഞു. സ്ഥിരജോലിക്കാർക്ക് പുറമെ താൽക്കാലിക ജോലിക്കാരും സേവനത്തിനുണ്ടാകും. എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും സജ്ജമാണ്.

ഒരോ വകുപ്പിലെയും ആളുകൾക്ക് പ്രത്യേക ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കുമെന്നും മേയർ പറഞ്ഞു. എല്ലാ മേഖലയിലുമായി ഹജ്ജ് പ്രവർത്തന പദ്ധതിക്ക് 22,000 പേരെ ഒരുക്കിയതായി നഗരസഭക്ക് കീഴിലെ ഹജ്ജ്-ഉംറ കാര്യങ്ങൾക്കായുള്ള അസിസ്റ്റൻറ് മേയർ എൻജി. ഖാലിദ് അൽസിന്ദി പറഞ്ഞു. മുനിസിപ്പാലിറ്റി ജീവനക്കാരുടെ എണ്ണം 3159 ആണ്.

ഓപറേഷൻ, മെയിന്റനൻസ്, ലൈറ്റിങ്, ക്ലീനിങ്, ബലിയറുക്കൽ മേഖലകളിൽ 3,600 ജോലിക്കാരും ആരോഗ്യ നിരീക്ഷകരും താൽക്കാലിക നിരീക്ഷകരുമായി 500 പേരും മക്കയിലും മശാഇറുകളിലും ക്ലീനിങ് ജോലികൾക്കായി കോൺട്രാക്ടിങ് കമ്പനിക്ക് കീഴിൽ 14,000ലധികമാളുകളും ജനറൽ സെക്യൂരിറ്റി, സ്കൗട്ട് വിഭാഗങ്ങളിൽ 1,250 പേരും ഉണ്ട്. ശുചീകരണത്തിന് ഏറ്റവും പുതിയ ഉപകരണങ്ങളായ കംപ്രസ്സറുകൾ, വാക്വം ക്ലീനറുകൾ, ടംബ്ലറുകൾ, ബോബ് കാറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മഴയോ തീപിടിത്തമോ പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക സംഘങ്ങളുണ്ടാകും. തിരക്കേറിയ സ്ഥലങ്ങളിൽ മുഴുസമയ സേവനത്തിന് ആളെ നിയോഗിക്കും.

മാലിന്യസംസ്കരണത്തിന് ഇലക്ട്രിക് വേസ്റ്റ് കോംപാക്ടിങ് ബോക്സുകളും സോളാർ പവർ ബോക്സുകളും ഉപയോഗിക്കും. ഭക്ഷ്യവിൽപന കേന്ദ്രങ്ങൾ, റസ്റ്റാറന്റുകൾ, കാറ്ററിങ് വിതരണക്കാർ എന്നിവ നിരീക്ഷിക്കാൻ നിരവധി സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. ഭക്ഷണം, വെള്ളം എന്നിവയുടെ സാമ്പിളുകൾ പരിശോധിക്കാൻ ആധുനിക മൊബൈൽ ലബോറട്ടറികളുണ്ട്. ഭക്ഷ്യസ്റ്റോറുകളും വിതരണ സംവിധാനവും നിരീക്ഷിക്കുന്നതിന് ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്. അനധികൃതമായി കന്നുകാലികളെ കൊണ്ടുവരുന്നത് നിരീക്ഷിക്കാൻ പ്രത്യേക സംഘമുണ്ടാകും. അസി. മേയർ പറഞ്ഞു.

Tags:    
News Summary - Mecca Municipality ready, 22,000 people for service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.