തബൂക്ക്: വിനോദസഞ്ചാര മേഖലയിലെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനം എന്ന പുരസ്കാര നിറവിൽ സൗദി അറേബ്യയിലെ പൗരാണിക നഗരമായ അൽ ഉല. മിഡിലീസ്റ്റിൽ ‘ഇൻറർനാഷനൽ ഡെസ്റ്റിനേഷൻസ്’ അംഗീകാരം ലഭിക്കുന്ന ആദ്യ പൗരാണിക നഗരമാണ് അൽ ഉല. യു.എസ് ആസ്ഥാനമായുള്ള ‘ഡെസ്റ്റിനേഷൻസ് ഇൻറർനാഷനൽ’ ഏജൻസിയാണ് ‘ഡെസ്റ്റിനേഷൻസ് ഇൻറർനാഷനൽ അക്രഡിറ്റേഷൻ’ അംഗീകാരം അൽ ഉല നഗരത്തിന് ലഭിച്ചത്. ഗുണനിലവാരത്തിനും പ്രകടന മാനദണ്ഡങ്ങൾ പാലിച്ചതിനുമുള്ള ‘ഡെസ്റ്റിനേഷൻ മാർക്കറ്റിങ് അക്രഡിറ്റേഷൻ പ്രോഗ്രാമിന്റെ’ ഭാഗമായാണ് ഈ അംഗീകാരം കിട്ടിയത്. കാലോചിത വികസനം പൂർത്തിയാക്കി നാല് വർഷം മുമ്പ് സന്ദർശകർക്കായി തുറന്നത് മുതൽ അൽ ഉല നഗരം ആഗോള ശ്രദ്ധാകേന്ദ്രമായിമാറി. വർഷം മുഴുവനും നടക്കുന്ന ഇവൻറുകൾ, ടോപ്-ടയർ ഹോസ്പിറ്റാലിറ്റി ഓപ്ഷനുകൾ എന്നിവ അൽ ഉലയെ സൗദിയിലെ ഒരു പ്രധാന ടൂറിസം സൈറ്റാക്കി.
പ്രാദേശിക സമൂഹത്തിന് പ്രയോജനം ചെയ്യുന്ന സുസ്ഥിര സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടിലേക്കുള്ള അൽ ഉലയുടെ പുരോഗതിക്ക് ഈ ‘അക്രഡിറ്റേഷൻ’ അടിവരയിടുന്നു. ‘ഡെസ്റ്റിനേഷൻ മാർക്കറ്റിങ് അക്രഡിറ്റേഷൻ പ്രോഗ്രാം’ പൂർത്തിയാക്കുന്നത് അൽ ഉലയുടെ സുപ്രധാന നാഴികക്കല്ലാണെന്നും പ്രദേശത്തെ ടൂറിസം വ്യവസായത്തെയും പരിസ്ഥിതി വ്യവസ്ഥയെയും മികച്ച നിലവാരത്തിലേക്ക് വികസിപ്പിക്കാൻ കൂടുതൽ ശ്രമിക്കുമെന്നും അൽ ഉലയുടെ റോയൽ കമീഷനിലെ ചീഫ് ടൂറിസം ഓഫിസർ ഫിലിപ് ജോൺസ് പറഞ്ഞു.
ഈ അക്രഡിറ്റേഷൻ നേടുന്നതിന് ഭരണം, ഓഹരി ഉടമകളുടെ ഇടപഴകൽ, സാമ്പത്തിക മാനേജ്മെൻറ്, ഡെസ്റ്റിനേഷൻ ഡെവലപ്മെൻറ് എന്നിവയിൽ നൂറിലധികം പ്രകടനനിലവാരം അൽ ഉല പാലിച്ചെന്നും വ്യവസായ വിദഗ്ധരുടെ ഒരു സ്വതന്ത്രസമിതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ ഉല നഗരിക്ക് നേരത്തേ ശ്രദ്ധേയമായ പല അവാർഡുകളും ലഭിച്ചിട്ടുണ്ട്. മിഡിലീസ്റ്റിൽ തുടർച്ചയായി രണ്ടാം വർഷവും മിഡിലീസ്റ്റിലെ പ്രമുഖ സാംസ്കാരിക ടൂറിസം പദ്ധതിയായി അൽ ഉല തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അൽ ഉലയുടെ വികസനത്തിന് റോയൽ കമീഷൻ അതോറിറ്റിയുടെ സംഘടന മികവിന് ഫൈവ് സ്റ്റാർ റേറ്റിങ് നേടിയിരുന്നു. യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്മെൻറിന്റെയും മിഡിലീസ്റ്റ് ഫെസിലിറ്റി മാനേജ്മെൻറ് അസോസിയേഷന്റെയും എക്സലൻസ് അവാർഡും ലഭിച്ചു. മദാഇൻ സ്വാലിഹ് ഉൾപ്പെടുന്ന അൽ ഉല പുരാവസ്തു മേഖല അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര പൈതൃക കേന്ദ്രമാണ്. 2008ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സൗദിയിൽനിന്ന് ആദ്യം ഇടം നേടിയ കേന്ദ്രമാണിത്.
ചരിത്രത്തിൽ ഒരു കാലത്ത് വൻ പ്രതാപത്തോടെ അറിയപ്പെടുകയും പിന്നീട് നാമാവശേഷമാകുകയും ചെയ്ത മദാഇൻ സ്വാലിഹ് അൽ ഉല ഗവർണറേറ്റിന് കീഴിലാണ്. 13.5 കിലോമീറ്ററോളം ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശം സഞ്ചാരികളെ ആകർഷിക്കുന്നു. പർവതങ്ങളിലെ ഭീമാകാരമായ പാറകൾ തുരന്ന് വീടുകൾ തയാറാക്കി കൊത്തുപണികൾ ഉല്ലേഖനം ചെയ്ത ഇതുപോലെയുള്ള പ്രദേശം ലോകത്ത് തന്നെ വിരളമാണ്. കൊത്തിയുണ്ടാക്കിയ തലയെടുപ്പോടെ നിൽക്കുന്ന നിർമിതികളാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്നത്.
പാറകളിൽ കൊത്തിയുണ്ടാക്കിയ 153 നിർമിതികൾ ഇപ്പോൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. പാറകള്‍ തുരന്ന് വീടുകള്‍ തയാറാക്കിയതില്‍ ചെറുതും വലുതുമായ132 ശിലാവനങ്ങള്‍ ഈ പ്രദേശത്ത് നിലനില്ക്കുന്നു. മദാഇൻ സ്വാലിഹ് അടക്കം അൽ ഉലയിലെ പുരാവസ്തുക്കളിൽ പലതും ഇനിയും കണ്ടെത്തിയിട്ടില്ല. സമൂദ് ഗോത്രത്തിന്റെ വാസ്തു ശിൽപ നിർമാണ നൈപുണ്യം മനസ്സിലാക്കാനുതകുന്ന വീടുകള്‍ക്ക് പുറമെ 60ഓളം കിണറുകളും ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.
അവര്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ലിഖിതങ്ങളും ചിത്രകലകളും അൽ ഉല മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മിഡിലീസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിന് സൗദി ഭരണകൂടം നൽകുന്ന പരിഗണന ഏറെയാണ്. രാജ്യത്തിനകത്തുനിന്നും വിദേശത്തു നിന്നുമായി പ്രതിവർഷം 10 ലക്ഷത്തിലേറെ സഞ്ചാരികളെ ആകർഷിപ്പിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് അൽ ഉലയിൽ അധികൃതർ ഇപ്പോൾ വേഗത്തിൽ പൂർത്തിയാക്കി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.