വേനൽ ചൂടിൽ ഹാജിമാർക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ കരുതൽ

മക്ക: വേനൽചൂട് കനത്തതോടെ തീർഥാടകർക്ക് ആവശ്യമായ ബോധവൽക്കരണ കാമ്പയിൻ നടത്തുകയാണ് മദീനയിലെ ആരോഗ്യ മന്ത്രാലയം. മദീനയിലെ താപനില ഈ ദിവസങ്ങളിൽ 49 ഡിഗ്രിവരെ ഉയർന്നിരുന്നു. ഹറമുകളിലേക്ക് എത്തുന്ന ഹാജിമാർക്ക് പ്രത്യേക മാർഗനിർദേശവും ഹജ്ജ് മന്ത്രാലയം നൽകിയിട്ടുണ്ട്. വേനൽക്കാലത്തിലേക്ക് പ്രവേശിച്ചതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ശക്തമായ ചൂടാണ് മക്കയിലും മദീനയിലും അനുഭവപ്പെടുന്നത്. ഹജ്ജ് ദിനങ്ങളിൽ 50ന്​ മുകളിൽ താപനില ഉയർന്നിരുന്നു. നിരവധി ഹാജിമാരുടെ മരണത്തിനിടയാക്കിയ കാരണവും ഇതുതന്നെയായിരുന്നു.

ഹജ്ജ് അവസാനിച്ചതോടെ ഇനി ഹാജിമാർ മദീന സന്ദർശത്തിനായി പുറപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ്​ 49 ഡിഗ്രിക്ക് മുകളിലുയർന്ന മദീനയിലെ താപനിലയെ പ്രതിരോധിക്കാൻ ആരോഗ്യമന്ത്രാലയം പ്രത്യേക ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട്​ നാലു വരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, സൂര്യാഘാതം തിരിച്ചറിയുകയും അനുഭവപ്പെട്ടവർ ഉടൻ വൈദ്യസഹായം തേടുകയും ചെയ്യുക എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.


ഇതി​െൻറ ഭാഗമായി മദീന സന്ദർശനത്തിന്​ എത്തുന്ന ഹാജിമാർക്ക് 10,300 കുപ്പിവെള്ളം, 4,850 കുടകൾ, 3,297 മെഡിക്കൽ കിറ്റുകൾ, 3,500 ഐസ് ബാഗുകൾ എന്നിവ ആരോഗ്യ വിഭാഗം വിതരണം ചെയ്തിരുന്നു. സൂര്യാഘാത മേൽക്കുന്നവരെ ചികിത്സിക്കാനായി 32 കിടക്കകളുള്ള പ്രത്യേക കേന്ദ്രങ്ങളും മദീനയിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷനും ഹാജിമാർക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്.


വെയിൽ കൂടുതലുള്ള സമയങ്ങളിൽ ഹറമിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. കുട നിർബന്ധമായും കരുതണം, ധാരാളം വെള്ളം കുടിക്കണം, ഹാജിമാരുടെ മടക്കയാത്രയിൽ നിർവഹിക്കുന്ന വിടവാങ്ങൽ ത്വവാഫ് രാത്രി നിർവഹിക്കുക എന്നിവയാണ്​ ഇന്ത്യൻ ഹാജിമാർക്ക്​ നൽകിയിട്ടുള്ള പ്രധാന നിർദേശങ്ങൾ. വരും ദിവസങ്ങളിലും ശക്തമായ വേനൽചൂട് മക്കയിലും മദീനയിലും അനുഭവപ്പെടും. ഹാജിമാർ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയം ആവർത്തിച്ച് തീർഥാടകരോട് ആവശ്യപ്പെടുന്നത്.



Tags:    
News Summary - Ministry of Health cares for pilgrims in summer heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.