റിയാദ്: ഈ മാസം ഒന്നിന് ആരംഭിച്ച റിയാദ് മെട്രോ ബ്ലൂ ലൈനിലെ കൂടുതൽ സ്റ്റേഷനുകൾ തുറന്നു. ആഭ്യന്തര മന്ത്രാലയത്തോട് ചേർന്നുള്ള സ്റ്റേഷന്റെയും അൽ മുറബ്ബ സ്റ്റേഷന്റെയും പ്രവർത്തനമാണ് തിങ്കളാഴ്ച ആരംഭിച്ചത്. മുറബ്ബ സ്റ്റേഷൻ ലുലു മുറബ്ബ ബ്രാഞ്ചിനോടു ചേർന്നാണ്. ഇനി നഗരത്തിന്റെ ഏതു ഭാഗത്തുനിന്നും ലുലുവിലേക്കുള്ള യാത്ര എളുപ്പമായി. സാബ് വടക്ക് ബാങ്ക് സ്റ്റേഷൻ മുതൽ തെക്ക് ദാറുൽ ബൈദ സ്റ്റേഷൻ വരെ റിയാദ് നഗരത്തിന് കുറുകെ പോകുന്ന ഏറ്റവും വലിയ ട്രാക്കുകളിലൊന്നായ ബ്ലൂ ലൈനിൽ ആകെ 34 സ്റ്റേഷനുകളാണ് ഉള്ളത്.
തുടക്കത്തിൽ 11 സ്റ്റേഷൻ മാത്രമേ തുറന്നിരുന്നുള്ളൂ. എന്നാൽ, ഞായറാഴ്ച സുലൈമാൻ ഹബീബ് സ്റ്റേഷനും തിങ്കളാഴ്ച മറ്റ് രണ്ട് സ്റ്റേഷനുകളും തുറന്നതോടെ ബ്ലൂ ട്രെയിൻ നിർത്തുന്ന ആകെ സ്റ്റേഷനുകളുടെ എണ്ണം 14 ആയി. ബാക്കി സ്റ്റേഷനുകൾ വരും ദിവസങ്ങളിൽ തുറക്കും. ഈ ലൈനിലാണ് റിയാദ് മെട്രോയിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ സ്റ്റേഷനുകളുള്ളത്. ബത്ഹ മ്യുസിയം സ്റ്റേഷനും ദീര സ്റ്റേഷനും. ഇതും ബത്ഹ ഹൃദയത്തിലുള്ള അൽ ബത്ഹ സ്റ്റേഷനും തുറന്നിട്ടില്ല.
റിയാദ് മെട്രോ പദ്ധതിയിൽ നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 85 സ്റ്റേഷനുകളാണുള്ളത്. ആധുനിക എൻജിനീയറിങ് സവിശേഷതകളാൽ രൂപകൽപന ചെയ്തിരിക്കുന്ന ഈ സ്റ്റേഷനുകൾ വാസ്തുവിദ്യ ഭംഗിയും പ്രവർത്തനക്ഷമതയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രത്യേക നിർമിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.