റിയാദ്: ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ, റിസോർട്ടുകൾ എന്നിവക്കുള്ള വാണിജ്യ പ്രവർത്തന ലൈസൻസുകളുടെ മുനിസിപ്പാലിറ്റി ഫീസ് നിർത്തലാക്കി. മുനിസിപ്പാലിറ്റി-ഗ്രാമകാര്യ-ഭവന മന്ത്രി മജീദ് അൽഹുഖൈൽ ആണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. നിയമം ബുധനാഴ്ച (സെപ്റ്റംബർ നാല്) മുതൽ പ്രാബല്യത്തിലായി. സൗദി നഗരങ്ങളിലെ മുനിസിപ്പൽ നടപടിക്രമങ്ങളും സേവനങ്ങളും സുഗമമാക്കുന്നതിന് നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ വിപുലീകരണമെന്ന നിലയിലാണിത്.
ആഭ്യന്തര ടൂറിസം മേഖലയുടെ വികസനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അതിലേക്ക് പൗരന്മാർക്കും വിദേശി താമസക്കാർക്കും വിനോദസഞ്ചാരികൾക്കും നൽകുന്ന ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നിക്ഷേപകർക്ക് ആകർഷകമായ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഈ മേഖലയിലെ മത്സരശേഷി വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്. രാജ്യത്തെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഈ തീരുമാനം.
ടൂറിസം മേഖല വികസിപ്പിക്കുന്നതിനും നൽകുന്ന ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിനും തീരുമാനം സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തൽ.
‘ബലദി’ പ്ലാറ്റ്ഫോമിലൂടെ ഹോട്ടലുകൾക്കും അപ്പാർട്മെന്റുകൾക്കും റസിഡൻഷ്യൽ റിസോർട്ടുകൾക്കും വാണിജ്യ പ്രവർത്തന ലൈസൻസ് ഇഷ്യൂ ചെയ്യുകയോ പുതുക്കുകയോ ചെയ്തുകൊണ്ട് ഈ തീരുമാനത്തിൽനിന്ന് പ്രയോജനം നേടുന്നതിന് മുനിസിപ്പാലിറ്റി-ഗ്രാമകാര്യ-ഭവന മന്ത്രാലയവും ടൂറിസം മന്ത്രാലയവും ടൂറിസം മേഖലയിലെ നിക്ഷേപകരോട് ആഹ്വാനം ചെയ്തു.
നിബന്ധനകൾ പാലിക്കുകയും ടൂറിസം സേവനങ്ങളിൽ സുസ്ഥിരതയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനായി സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും പ്രവർത്തിക്കണമെന്നും പറഞ്ഞു.
ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്മെന്റുകൾ, റസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവക്ക് വാണിജ്യ പ്രവർത്തന ലൈസൻസുകൾക്കുള്ള ഫീസ് നിർത്താനുള്ള തീരുമാനം നിക്ഷേപകരെ പിന്തുണക്കുന്നതിനും വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഈ മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.