ഞാനും കുടുംബവും സൗദിയിൽ സന്തുഷ്​ടരാണ്​ -റൊണാൾഡോ

റിയാദ്​: താനും കുടുംബവും സൗദി അറേബ്യയിൽ സന്തുഷ്​ടരാണെന്ന്​ തുറന്നുപറഞ്ഞ്​ ഫുട്​ബാൾ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ. സീസൺ അവസാനത്തോടെ അൽ നസ്​ർ ക്ലബ്ബുമായുള്ള കരാർ തീരുന്ന പോർച്ചുഗീസ് താരം ക്ലബ്ബുമായുള്ള ത​ന്‍റെ ഭാവിയെക്കുറിച്ച് സൗദി റോഷൻ ലീഗ് വെബ്‌സൈറ്റിനോട്​ സംസാരിക്കവെയാണ്​ സൗദിയിലെ ജീവിതത്തെ കുറിച്ച്​ വാചാലനായത്​.

ഈ മനോഹരമായ രാജ്യത്ത് ഞങ്ങൾ ഒരു പുതിയ ജീവിതം ആരംഭിച്ചു. ഞാൻ എല്ലാ ഊർജ്ജവും ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഒപ്പം അൽ നസ്​റുമായുള്ള കരാറിനെ ഞാൻ മാനിക്കുന്നു. അൽ നസ്റിന് കൂടുതൽ കിരീടങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നു -റൊണാൾഡോ പറഞ്ഞു. അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നീ ക്ലബ്ബുകളുമായ​ുള്ള മത്സരം ബുദ്ധിമുട്ടാണ്. പക്ഷേ കിരീടങ്ങൾ നേടുന്നതിന് ഞങ്ങൾ പരമാവധി ശ്രമിക്കും. ഫുട്‌ബാളിൽ സന്തോഷകരമായ നിമിഷങ്ങളുണ്ട്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്ലബ്ബിനെ ബഹുമാനിക്കുക, അതുമായുള്ള കരാറിനെ ബഹുമാനിക്കുക, പക്കലുള്ളതെല്ലാം നൽകുക എന്നതാണ്. അൽനസ്​റിനൊപ്പം എ.എഫ്‌.സി ചാമ്പ്യൻസ് ലീഗും സൗദി ലീഗും നേടാൻ ഞാൻ സ്വപ്നം കാണുന്നു. അൽ നസ്​റിനെ ചാമ്പ്യൻഷിപ്പുകൾ നേടാൻ സഹായിക്കാൻ ഞാൻ തുടർന്നും ശ്രമിക്കുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

എല്ലാവരും ക്രിസ്​റ്റ്യാനോയെ ഒരു റോൾ മോഡലായി കാണുന്നുണ്ട്​. അതിൽ സന്തോഷമില്ലാതില്ല. സൗദി ലീഗ് വികസിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നിരവധി ഫുട്​ബാൾ താരങ്ങൾ സൗദിയിലേക്ക്​ മാറിയിട്ടുണ്ട്. എ​െൻറ സ്വപ്നവും ഞാൻ ആഗ്രഹിക്കുന്നതും അടുത്ത അഞ്ച്​ അല്ലെങ്കിൽ 10​ വർഷം കൂടി ലീഗ് വികസിക്കുന്നത് തുടരുക എന്നതാണ്. ക്ലബ്ബ് തലത്തിൽ മാത്രമല്ല, അക്കാദമി തലത്തിലും മറ്റ്​ ലീഗുമായുള്ള മത്സരത്തിലുമെല്ലാം.

അൽ നസ്​റിനൊപ്പമുള്ള എ​െൻറ ഏറ്റവും മികച്ച നിമിഷം അൽ ഹിലാലിനെതിരായ ഫൈനലിൽ ഞാൻ എ​െൻറ ആദ്യ കിരീടം നേടിയപ്പോഴാണ്​. ഒരുപക്ഷേ ഞങ്ങൾ കളിച്ച ഏറ്റവും പ്രയാസകരമായ മത്സരമായിരുന്നു അത്​. ഈ വർഷം അൽ നസ്​റിന്​ സന്തോഷകരമായ വർഷമായിരിക്കും. എ.എഫ്‌.സി ചാമ്പ്യൻസ് ലീഗ് ക്ലബ്ബിനായി വിജയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അൽ നസ്​റിനെ കിരീടങ്ങൾ നേടാൻ സഹായിക്കും. ഈ വർഷം വിജയത്തി​െൻറ നല്ല വർഷമാകുമെന്ന് കരുതുന്നുവെന്നും റൊണാൾഡോ പറഞ്ഞു.

അൽ നസ്​റുമായുള്ള കരാറിൽ റോണാൾഡോ ആറ് മാസത്തെ ഫ്രീ പിരീയഡിൽ പ്രവേശിച്ചിരിക്കുകയാണ്​. പുതിയ സീസണിൽ ഒരു സ്വതന്ത്ര കളിക്കാരൻ എന്ന നിലയിൽ ഏതെങ്കിലും ക്ലബ്ബുമായി പരസ്യമായി ചർച്ചകൾ നടത്താനോ ട്രാൻസ്ഫർ കരാർ ഒപ്പിടാനോ അദ്ദേഹത്തിന് അവകാശമുണ്ട്.

Tags:    
News Summary - My family and I are happy in Saudi - Ronaldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.