ജിദ്ദ: സൗദിയിലെ തെക്കുപടിഞ്ഞാറൻ അതിർത്തി പട്ടണമായ നജ്റാനിലെ 'ഹിമ സാംസ്കാരിക മേഖല' ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക ഏജൻസിയായ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി.സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഇക്കാര്യം അറിയിച്ചത്.
ചൈനയിലെ ഫുഷോയിൽ നടന്ന ലോക പൈതൃക സമിതിയുടെ 44ാം സെഷൻ യോഗത്തിലാണ് മനുഷ്യ പൈതൃകത്തിന് അസാധാരണമായ സാർവത്രികമൂല്യമുള്ള ഒരു സാംസ്കാരിക കേന്ദ്രം എന്ന നിലയിൽ നജ്റാൻ ഹിമ മേഖലക്ക് ഇടംലഭിച്ചത്.
ഇതോടെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട സൗദി പൈതൃകകേന്ദ്രങ്ങൾ ആറായി. 2008ൽ വടക്കൻ മേഖലയിലെ അൽഹിജ്ർ, 2010ൽ റിയാദ് ദറഇയയിലെ തുറൈഫ് ഡിസ്ട്രിക്റ്റ്, 2014ൽ ജിദ്ദ ഹിസ്റ്റോറിക്കൽ മേഖല, 2015ൽ ഹാഇൽ മേഖലയിലെ ശിലാലിഖിതങ്ങൾ, 2018ൽ അൽഅഹ്സ മരുപ്പച്ച എന്നിവയാണ് ഇതിന് മുമ്പ് പൈതൃകപട്ടികയിൽ ഇടംനേടിയ സൗദി സ്ഥലങ്ങൾ.
ഹിമ സാംസ്കാരിക മേഖലയെ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രയത്നത്തിന് സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും വലിയ പിന്തുണയാണ് ലഭിച്ചതെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.
മനുഷ്യനാഗരികതയുടെ ചരിത്രഭൂപടത്തിലെ പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങളാൽ സമ്പന്നമാണ് സൗദി അറേബ്യ. രാജ്യത്തിെൻറ സാംസ്കാരിക സമ്പത്തും സാംസ്കാരിക ആഴങ്ങളും ലോകത്തെ അറിയിക്കാനും എല്ലാ ദേശീയ അന്തർദേശീയ റെക്കോഡുകളിലും രജിസ്റ്റർ ചെയ്യാനും ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹിമ സാംസ്കാരിക മേഖലയുടെ രജിസ്ട്രേഷൻ നടപടി വിജയകരമായി പൂർത്തീകരിച്ചത് അമീറ ഹൈഫാ ബിൻത് അബ്ദുൽ അസീസ് ആലു മുഖ്രിമിെൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിെൻറയും സൗദി സാംസ്കാരിക മന്ത്രാലയം, പുരാവസ്തു അതോറിറ്റി, ദേശീയ വിദ്യാഭ്യാസസമിതി, സാംസ്കാരിക - ശാസ്ത്ര സമിതി എന്നിവയുടെ സംഘങ്ങളുടെയും സംയുക്ത പരിശ്രമത്തിെൻറ ഫലമാണെന്നും മന്ത്രി വ്യക്തമാക്കി.
ഹിമയിലെ സാംസ്കാരിക ശിലാലിഖിതങ്ങളുടെ വിസ്തൃതി 557 ചതുരശ്ര കിലോമീറ്ററാണ്. ഇത് കൂടാതെ 550 ചിത്രകലരചനകളും ലക്ഷക്കണക്കിന് കൊത്തുപണികളും ഇവിടെയുള്ള ശിലകളിൽ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ റോക്ക് ആർട്ട് കോംപ്ലക്സുകളിൽ ഒന്നാണിത്.
അറേബ്യൻ ഉപദ്വീപിെൻറ തെക്കൻ ഭാഗത്തൂടെയുള്ള പൗരാണിക വ്യാപാരപാതയിലെ പ്രധാനമായൊരു സ്ഥലത്താണ് ഹിമ സാംസ്കാരിക മേഖല സ്ഥിതിചെയ്യുന്നത്.
പുരാതന അറേബ്യൻ ഉപദ്വീപിലെ പ്രധാന വിപണികളിൽ ഒന്നായിരുന്നു ഇതെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി പൗരാണിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള പതിനായിരക്കണക്കിന് ശിലാലിഖിതങ്ങൾ ഇൗ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ടെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.