ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ കർമസജീവതയുടെ അധ്യായങ്ങൾ എഴുതിച്ചേർത്ത് നവോദയ സാംസ്കാരിക വേദി 20ാം വയസ്സിൽ. 2001 സെപ്റ്റംബർ 21ന് റാക്കയിലെ കാർട്ടൻ ഹോട്ടലിൽ 99 അംഗങ്ങളുമായി ചേർന്ന ആദ്യ കൺെവൻഷനാണ് നവോദയയുടെ സ്ഥാപക ദിനമായി അറിയപ്പെടുന്നത്.
അന്ന് ഇടതുപക്ഷത്തായിരുന്ന മഞ്ഞളാംകുഴി അലി എം.എൽ.എയാണ് ആദ്യ കൺെവൻഷൻ ഉദ്ഘാടനം ചെയ്തത്. തുടർന്ന് ദമ്മാമിലെ പ്രവാസി മലയാളി സമൂഹത്തിൽ വിസ്മയാവഹമായ പ്രവർത്തനങ്ങളുമായി നവോദയ അതിവേഗം വളരുകയായിരുന്നു. ഇടതുപക്ഷ അനുഭാവ സംഘടന എന്ന സ്വഭാവത്തിലാണ് രൂപംകൊണ്ടതെങ്കിലും ഒരു ബഹുജന സംഘടനയുടെ വിശാലതയോടെ മറ്റുള്ളവരെയും അണികളാക്കി.
പ്രവാസ ചരിത്രത്തിൽ ഒരിക്കലും മറക്കാത്ത പ്രവർത്തന മുഹൂർത്തങ്ങളാണ് 20 വർഷത്തിനുള്ളിൽ കാഴ്ചവെക്കാനായതെന്ന ആത്മസംതൃപ്തിയിലാണ് ഭാരവാഹികൾ. പ്രഥമ പ്രസിഡൻറായിരുന്ന ഇ.എം. കബീറും ജോർജ് വർഗീസും സംഘടനയെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 'സ്നേഹ സാന്ത്വനം' എന്ന കാമ്പയിൻ 'മോചനദ്രവ്യം' (ദിയാധനം) നൽകാനില്ലാതെ ജയിലിൽ ഒറ്റപ്പെട്ടുപോയവരുടെ മോചനത്തിനു വേണ്ടിയായിരുന്നു. ആരുമറിയാതെ ജയിലിൽ ഒടുങ്ങിപ്പോകുമായിരുന്ന 19 പേർക്കാണ് അന്ന് ജീവിതം തിരികെ ലഭിച്ചത്. 20 ലക്ഷം രൂപയാണ് ഇതിനായി സ്വരൂപിച്ച് ദിയാധനം നൽകിയത്. തിരുവനന്തപുരം റീജനൽ കാൻസർ സെൻററുമായി ചേർന്ന് അർബുദ രോഗികളെ സഹായിക്കുന്ന പരിപാടിക്കായി 98 ലക്ഷം രൂപയാണ് സമാഹരിച്ച് നൽകിയത്. സൂനാമിയിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാൻ പത്തര ലക്ഷം രൂപ സ്വരൂപിച്ച് നവോദയ സർക്കാറിന് നൽകി.
അംഗമായിരിക്കെ മരിച്ചുപോയ നൂറുകണക്കിന് ആളുകളുടെ മക്കളുടെ പഠനത്തിനായി ലക്ഷം രൂപ വീതം നൽകി. നിതാഖാത് കാലത്തും കോവിഡ് കാലത്തും സൗജന്യ വിമാനങ്ങൾ ചാർട്ട് ചെയ്തത് നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി. ഇത്തരത്തിൽ നടത്തുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നവോദയ ബാലവേദി നൽകിയ വിഷുക്കൈനീട്ടം വരെ നിറഞ്ഞുനിൽക്കുന്നു. അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച നിരവധി കലാ സാംസ്കാരിക മുഹൂർത്തങ്ങളാണ് നവോദയ ഒരുക്കിയിട്ടുള്ളത്. ദമ്മാമിൽ ആദ്യമായി മലയാളികളുടെ പൊതുസംഗമം ഒരുക്കിയത് നവോദയയാണ്. മരിച്ച വയലിനിസ്റ്റ് ബാലഭാസ്കർ, സുരാജ് വെഞ്ഞാറമൂട്, ഷഹ്ബാസ് അമൻ, കലാഭവൻ മണി തുടങ്ങിയ നിരവധി കലാപ്രതിഭകൾ നവോദയയുടെ ക്ഷണപ്രകാരം ദമ്മാമിലെത്തി പരിപാടികൾ അവതരിപ്പിച്ചു. പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നായകരും എത്തിയിട്ടുണ്ട്. നിലവിൽ 2,30,306 അംഗങ്ങളുള്ള നവോദയ പ്രവിശ്യയിലെ ഏറ്റവും വലിയ സംഘടനയാണ്. സൗദി അധികൃതരുമായി ചേർന്ന് പുകവലിക്കെതിരെ എല്ലാവർഷവും കൂട്ടയോട്ടം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. കുടുംബ വേദികളും ബാലവേദികളും സംഘടനക്ക് കീഴിൽ പ്രവർത്തിക്കുന്നു. പവനൻ മൂലക്കലാണ് പ്രസിഡൻറ്. പ്രദീപ് കൊട്ടിയം സെക്രട്ടറിയും. റഹീം മടത്തറ ആക്ടിങ് സെക്രട്ടറിയാണ്. ഒരുവർഷം നീളുന്ന 20ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.