ജിദ്ദ: സൗദി സ്പോർട്സ് മേഖലയുടെ വളർച്ചക്ക് ‘സർജ്’ എന്ന പേരിൽ പുതിയ നിക്ഷേപ കമ്പനി സ്ഥാപിക്കുന്നു. സൗദി പൊതുനിക്ഷേപ ഫണ്ട് (പി.ഐ.എഫ്) മുതൽമുടക്കിലാണ് കമ്പനി ആരംഭിക്കുന്നത്.
സൗദി അറേബ്യ, പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക മേഖലകളിലെ കായികരംഗത്തിന്റെ വളർച്ച ലക്ഷ്യമിടുന്ന ഒരു സ്പോർട്സ് നിക്ഷേപ കമ്പനിയാണിതെന്ന് പി.ഐ.എഫ് അധികൃതർ വ്യക്തമാക്കി. ഈ മേഖലയിൽ വലിയ കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള അവകാശം നേടാൻ ഈ കമ്പനി ശ്രമങ്ങൾ നടത്തും.
സ്പോർട്സ് ലീഗുകളുടെ വാണിജ്യാവകാശങ്ങളിൽ നിക്ഷേപിക്കുന്നതിനു പുറമെ അന്താരാഷ്ട്ര കായികമത്സരങ്ങൾ നടത്തും. കമ്പനിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക മേഖലകളിലുമുള്ള പങ്കാളികളെ പിന്തുണക്കുന്നതിനും പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കായികരംഗവുമായി ബന്ധപ്പെട്ട ഇവൻറുകളിൽ നിക്ഷേപം നടത്തും. കായികരംഗം വികസിപ്പിക്കുന്നതിന് അത്യാധുനിക കായിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. കായിക വിനോദകേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ലോക കായികഭൂപടത്തിൽ ശക്തിപ്പെടുത്തുന്നതിന് ഈ കമ്പനി വലിയ ശ്രമങ്ങൾ നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
‘സർജ്’ സ്പോർട്സ് നിക്ഷേപ കമ്പനി ആരംഭിക്കുന്നത് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് പി.ഐ.എഫ് മിഡിലീസ്റ്റ്-നോർത്ത് ആഫ്രിക്ക റീജനൽ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഡയറക്ടർ റാഇദ് ഇസ്മാഇൗൽ പറഞ്ഞു. സൗദി അറേബ്യ, പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ കായിക വിനോദമേഖല വികസിപ്പിക്കാനാണ് ഈ കമ്പനിയുടെ പരമമായ ലക്ഷ്യം.
കായിക പ്രവർത്തനങ്ങൾക്ക് നിക്ഷേപാവസരങ്ങൾ ഒരുക്കുന്നത് ഈ മേഖലയിലെ വികസനത്തിന് സംഭാവന നൽകും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് സഹായിക്കും. വിനോദം, വിനോദസഞ്ചാരം, കായികമേഖല എന്നിവ പൊതു നിക്ഷേപ ഫണ്ടിന്റെ മുൻഗണനയുള്ള തന്ത്രപ്രധാന മേഖലകളാണെന്നും റാഇദ് ഇസ്മാഇൗൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.