ദമ്മാം: ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപ്പർ മാർക്കറ്റ് കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തനമാരംഭിച്ചു. ദമ്മാം ചേംബർ ഓഫ് കോമേഴ്സ് വൈസ് ചെയർമാൻ ഹമദ് ബിൻ മുഹമ്മദ് അലിയാണ് സൗദിയിലെ 30ാം ശാഖയുടെ ഉദ്ഘാടനം ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ നിർവഹിച്ചത്.
ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള വിശാലമായ ഹൈപ്പർ മാർക്കറ്റ് അൽഖോബാറിലെ അൽറാക്കയിലാണ് സ്ഥിതിചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള എല്ലാ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. വിപുലമായ സൂപ്പർ മാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗാർഹിക ഉൽപന്നങ്ങൾ, ലുലു കണക്ട്, ഫാഷൻ ഉൾപ്പെടെ ഏറ്റവും നൂതനമായ സംവിധാനത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലെ പ്രാദേശിക കർഷകരിൽനിന്നു നേരിട്ട് സംഭരിച്ച സൗദി കാപ്പി അടക്കമുള്ള കാർഷികോൽപന്നങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. സൗദി അറേബ്യയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ വളർച്ചയിൽ സൗദി അറേബ്യയിലെ വിപണി ഏറെ പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിക്കുന്നത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിൽ ഉൾപ്പെടെ 20 ലധികം പുതിയ ഹൈപ്പർ മാർക്കറ്റുകൾ സൗദിയിൽ ആരംഭിക്കും.
ഇതിൽ അഞ്ചെണ്ണം ഈ വർഷംതന്നെ പ്രവർത്തനം ആരംഭിക്കും. സൽമാൻ രാജാവിന്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിലുള്ള സൗദി ഭരണകൂടം രാജ്യത്തെ വ്യാപാര വാണിജ്യ രംഗങ്ങളിൽ ധീരമായ നടപടികളാണ് സ്വീകരിക്കുന്നത്.
ഇത് ലോകത്തെതന്നെ ഏറ്റവും പ്രമുഖ സാമ്പത്തികശക്തികളിലൊന്നാകാൻ സൗദി അറേബ്യയെ സഹായിക്കുമെന്നും യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൈഫി രൂപാവാല, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു കിഴക്കൻ പ്രവിശ്യ റീജനൽ ഡയറക്ടർ മൊയിസ് നൂറുദ്ദീൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.