റിയാദ്: സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ ചരിത്രത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാരെ കടത്തിവിട്ട് പുതിയ റെക്കോഡ് സ്ഥാപിച്ചു. കഴിഞ്ഞ ശനിയാഴ്ച 1,36,438 യാത്രക്കാരാണ് കോസ്വേയിലൂടെ ഇരു ഭാഗത്തേക്കും യാത്രചെയ്തത്.
കടൽപാലം നിലവിൽവന്ന ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്. 2020 ജനുവരി 11ന് 1,31,000 യാത്രക്കാരുടെ വരവുപോക്ക് രേഖപ്പെടുത്തിയതാണ് ഇതിനു മുമ്പുള്ള റെക്കോഡ്. ശനിയാഴ്ച രാവിലെ ഒമ്പതിനും വൈകീട്ട് ഏഴിനുമിടയിൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടാം സെമസ്റ്റർ അവധിക്കാലം ആരംഭിക്കുന്ന സമയമായതാണ് റൂട്ടിൽ തിരക്കേറാൻ കാരണം. കുറ്റമറ്റ സുരക്ഷ നിലനിർത്തി യാത്രക്കാർക്ക് വിപുലമായ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് പാസ്പോർട്ട്, കസ്റ്റംസ് വിഭാഗങ്ങൾ ഒരുക്കിയിട്ടുള്ളത്.
തിരക്ക് കുറക്കാൻ സൗദിയുടെ ഭാഗത്ത് റിവേഴ്സ് ലൈനുകൾ തുറന്നത് വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുകയും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് സഹായകമാവുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.