ജിദ്ദ: തീർഥാടകരുടെ ശാന്തതയെയും ആത്മീയതയെയും ബാധിക്കുന്നതരത്തിൽ കേസുകളൊന്നും ഹജ്ജിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സൗദി അറ്റോണി ജനറൽ ശൈഖ് സൗദ് അൽമുഅജബ്. തീർഥാടകരുടെ കർമങ്ങളെ ഹനിച്ചതിനെതിരെ കേസൊന്നുമില്ലാതെ ഹജ്ജിന് ഇത്തവണ ശുഭാന്ത്യമാണ് കൈവന്നിരിക്കുന്നത്. സൗദി പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തിൽ അറഫയിൽ എട്ടും മുസ്ദലിഫയിൽ മൂന്നും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ പ്രവർത്തനങ്ങൾ വിഡിയോയിലൂടെ നിരീക്ഷിച്ചു. ഇവിടങ്ങളിലെ തീർഥാടകരുടെ താൽപര്യങ്ങൾ പരിപാലിക്കുന്നതിനൊപ്പം അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും നിയമം നടപ്പാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായിരുന്നു മുൻഗണന നൽകിയിരുന്നത്. ഈ വർഷത്തെ ഹജ്ജ് സീസണിൽ പുണ്യകേന്ദ്രങ്ങളിൽ 20 പുതിയ പ്രത്യേക പ്രോസിക്യൂഷൻ വിങ്ങുകൾ ഒരുക്കിയതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
'പ്രോസിക്യൂഷൻ ഫോർ ഹജ്ജ് വർക്സ്' എന്ന് പേരിലുള്ള സംവിധാനം എല്ലാദിവസവും രാപ്പകൽ പ്രവർത്തനസജ്ജമായിരുന്നു. അന്വേഷണങ്ങൾ, പബ്ലിക് പ്രോസിക്യൂഷൻ, വിധികളുടെ അപ്പീൽ, ജയിലുകളുടെയും തടങ്കൽ സ്ഥലങ്ങളുടെയും മേൽനോട്ടവും പരിശോധനയും, ക്രിമിനൽ വിധികളുടെ നിർവഹണത്തിന്റെ മേൽനോട്ടം തുടങ്ങിയവയായിരുന്നു ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. ഹജ്ജ് വേളയിൽ വിശുദ്ധ സ്ഥലങ്ങളെയും തീർഥാടകരെയും സംരക്ഷിക്കുന്നതിനുള്ള ശേഷിയും പബ്ലിക് പ്രോസിക്യൂഷൻ വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.