'ഇഹ്‌സാനി'ലൂടെ ഇനി രക്തദാനവും

ജിദ്ദ: സൗദി അറേബ്യയുടെ ദേശീയ ചാരിറ്റി ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ഇഹ്‌സാനി'ലൂടെ ഇനി രക്തദാനം നടത്താം. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ സംവിധാനം ആരംഭിച്ചത്.

രക്തദാനം നടത്താൻ താൽപര്യമുള്ളവരെയും രക്തബാങ്കുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനും അതിനുള്ള അപ്പോയിന്റ്മെന്റ് എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനുമാണ് ഈ സേവനം. അടുത്ത ഘട്ടത്തിൽ രക്തദാന പ്രക്രിയകൾ വികസിപ്പിക്കാനും വിപുലീകരിക്കാനും ലക്ഷ്യമിടുന്നു.

വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തന മേഖലയുടെ വിപുലീകരണമെന്ന നിലയിലാണ് ഇതിൽ രക്തദാന സേവനം ആരംഭിച്ചിരിക്കുന്നത്. ഇഹ്സാൻ വെബ്‌സൈറ്റിലെ സർവിസ് പേജിൽ ദാതാവിന് രക്തദാന കേന്ദ്രങ്ങൾ കണ്ടെത്താനും കേന്ദ്രം തിരഞ്ഞെടുത്ത് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും അപേക്ഷ ഫോറം പൂരിപ്പിക്കാനും കഴിയും.

സാമ്പത്തികേതര സംഭാവന അനുവദിക്കുന്ന പ്ലാറ്റ്‌ഫോമിലെ ആദ്യ സേവനംകൂടിയാണ്. ചാരിറ്റി പ്രവർത്തനങ്ങൾ വ്യവസ്ഥാപിതവും സുതാര്യവും പ്രവർത്തനക്ഷമവുമാക്കുന്നതിന് സൗദി ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്നാണ് ഇഹ്സാൻ പ്ലാറ്റ്ഫോം ആരംഭിച്ചത്.

12 സർക്കാർ ഏജൻസികൾ അടങ്ങുന്ന ഒരു സൂപ്പർവൈസറി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (സദ്യ) മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.

ആരംഭിച്ച് 17 മാസത്തിനുള്ളിൽ 48 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സംഭാവന നൽകാൻ സാധിച്ചിട്ടുണ്ട്. മൊത്തം സംഭാവന 250 കോടി റിയാൽ കവിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Now blood donation through 'Ihsani'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.