റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡൻറ് വിസകൾ ഇനി പാസ്പ്പോർട്ടിൽ പതിക്കില്ല. അനുവദിച്ച വിസയുടെ ക്യൂ.ആർ കോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിൻറ് ചെയ്ത പേപ്പറുമായി എയർപോർട്ടിൽ എത്തിയാൽ മതി എന്ന് സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ (ഗാക) പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
2023 മെയ് ഒന്നു മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിലാവുക. ഇന്ത്യക്ക് പുറമെ യു.എ.ഇ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കാണ് ഇത് ബാധകം.
പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കുന്നതാണ് ഒഴിവാക്കിയത്. പകരം പ്രത്യേക എഫോർ സൈസ് പേപ്പറിൽ വിസ വിവരങ്ങളടങ്ങിയ ക്യൂ.ആർ കോഡ് പതിക്കും. ഇതാണ് എയർപോർട്ടുകളിൽ സ്കാൻ ചെയ്യുക. വിമാന കമ്പനികൾ ഈ തീരുമാനം അനുസരിക്കണമെന്നും ഇല്ലെങ്കിൽ നിയമലംഘനമായി കണക്കാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.
ഈ വർഷം മുതൽ ഹജ്ജ് വിസക്ക് ഏർപ്പെടുത്തിയ അതേ നടപടിക്രമമാണ് മറ്റ് വിസകളിലും നടപ്പാക്കുകയെന്ന് ഡൽഹിയിലെ സൗദി കോൺസുേലറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു. പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിപ്പിക്കുന്ന സംവിധാനമാണ് നിർത്തുന്നത്. പകരം വിസ വിവരങ്ങളുടെ ക്യൂ.ആർ കോഡ് അടങ്ങിയ പ്രിൻറൗട്ട് എംബസി, അല്ലെങ്കിൽ കോൺസുലേറ്റിൽനിന്ന് നൽകും. അത് ഉപയോഗിച്ച് യാത്ര ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.