ഒ.ഐ.സി.സി വനിതവേദി സംഘടിപ്പിച്ച ‘എ വേക്ക് അപ് കാൾ ഫോർ ടീൻസ് ആൻഡ് പാരന്റ്സ്’ എന്ന സെമിനാർ സലീം കളക്കര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കൗമാരങ്ങളെ വിഴുങ്ങുന്ന ലഹരിയെന്ന മഹാവിപത്ത് ഒരു ദുരന്തമായി മാറിയിരിക്കെ കുട്ടികൾ അരുതാത്ത വഴികളിലേക്കു നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ കുടുംബങ്ങൾക്കും പൊലീസിനും മാത്രമല്ല സമൂഹത്തിനും ഉത്തരവാദിത്ത്വമുണ്ടെന്ന് ഒ.ഐ.സി.സി റിയാദ് പ്രസിഡന്റ് സലീം കളക്കര. ലഹരിക്കെതിരെ വനിതാവേദി മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘എ വേക്ക് അപ് കാൾ ഫോർ ടീൻസ് ആൻഡ് പാരന്റ്സ്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. വനിതാവേദി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജാൻസി പ്രഡിൻ ആമുഖ പ്രസംഗം നടത്തി. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സുരേഷ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു. വനിതാവേദി വൈസ് പ്രസിഡന്റ് സ്മിത മുഹിയിദ്ദീൻ സ്വാഗതവും ട്രഷറർ സൈഫുന്നീസ സിദ്ദീഖ് നന്ദിയും പറഞ്ഞു.
ലഹരിവസ്തുക്കളുടെ ഉപയോഗം, സൈബർ ഭീഷണികൾ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ ആസ്പദമാക്കി ലൈഫ് കോച്ചും തെറപ്പിസ്റ്റും പരിശീലകയുമായ സുഷമ ഷാൻ ക്ലാസുകൾ നയിച്ചു. തുടർന്ന് ശ്രോതാക്കളുടെ നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകി. റിയാദ് കലാഭവൻ ഒരുക്കിയ ‘ഇരകൾ’ എന്ന ലഘുനാടകവും അരങ്ങേറി. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഷാരോണ്‍ ഷരീഫാണ്.
ചടങ്ങിൽ പരിപാടിയുടെ മുഖ്യ പ്രായോജകരായ റോയൽ ഫ്യൂചർ പ്രതിനിധി ജംഷീദ്, പ്രമുഖ മോട്ടിവേറ്റർ സ്പീക്കർ സുഷമ ഷാൻ, റിയാദ് കലാഭവൻ നാടക പ്രവർത്തകർ തുടങ്ങിയവർക്കുള്ള ഫലകവും സമ്മാനങ്ങളും റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ പുഷ്പരാജ്, സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സലീം കളക്കര, മൃദുല വിനീഷ്, ഫൈസൽ തമ്പോലക്കാടൻ തുടങ്ങിയവർ സമ്മാനിച്ചു.
ചടങ്ങിൽ ലഹരിക്കെതിരെ അൻസാർ അബ്ദുൽ സലാം ആലപിച്ച കവിതയും ഏറെ ശ്രദ്ധേയമായി. സിംന നൗഷാദ്, മോളിഷ സജേ, ദയ ആൻ പ്രഡിൻ, സൈന നാസർ, സാലിഹ് മുഹിയിദ്ദീൻ, ഷിബിൽ സിദ്ദീഖ് തുടങ്ങിയവർ രജിസ്ട്രേഷന് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ജാൻസി പ്രഡിൻ പരിപാടിയുടെ അവതാരകയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.