റിയാദിലെ പ്രവാസികളുടെയും സ്വദേശികളുടെയും വർഷം തോറുമുള്ള വിനോദപരിപാടിയിൽ ഒന്നായി മാറിയിരിക്കുന്നു ഹരീഖിലെ ഓറഞ്ച് ഉത്സവം കാണാൻ പോകലും അവിടെയുള്ള ഹരിത തോട്ടത്തിന്റെ (മസ്റഅത്തു ഖദ്റാഅ) ഉടമസ്ഥനായ സൗദി പൗരന്റെ ആതിഥ്യം സ്വീകരിക്കലും. അൽ-ഖത്ലാൻ ഹോൾഡിങ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനും ഓറഞ്ച് ഫെസ്റ്റിവലിന്റെ തന്ത്രപരമായ പങ്കാളിയും കൂടിയാണ് മസ്റഅത്തു ഖദ്റാഅ ഉടമ അബു സാമി എന്നറിയപ്പെടുന്ന ശൈഖ് മുഹമ്മദ് ബിൻ നാസർ അൽ ഖത്ലാൻ.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സുഹൃത്ത് റിയാസ് ആലുവയുമൊത്ത് സകുടുംബം ഹരീഖിലേക്ക് യാത്രയായത്. കുട്ടികൾക്കും കുടുംബത്തിനും എല്ലാവർക്കും അതൊരു സന്തോഷയാത്രയായിരുന്നു. അറബ് ലോകത്ത് ഔദാര്യത്തിന്റെയും ആതിഥ്യമര്യാദയുടെയും ഉന്നതമാതൃകയായി ചരിത്രത്തിൽ രേഖപ്പെട്ടയാളാണ് ഹാഇലിലെ ഹാതിം താഇ. എല്ലാ ദിവസവും ഹാഇലിെല തെൻറ വീടിന് സമീപമുള്ള മലമുകളിൽ വിറക് കൂട്ടിയിട്ട് കത്തിച്ച് വഴിയാത്രക്കാരെയും ദൂരെയുള്ളവരെയും ആകർഷിച്ച് അവർക്കുവേണ്ട ഭക്ഷണവും താമസവും നൽകി സൽക്കരിച്ചിരുന്ന ഹാതിം താഇ ആതിഥ്യത്തിന്റെയും ദാനധർമങ്ങളുടെയും പ്രതീകവും പര്യായവുമായാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.
ഇതേപോലൊരാളാവുകയാണ് ഹരീഖിൽ ശൈഖ് മുഹമ്മദ് ബിൻ നാസർ അൽ ഖത്ലാൻ. അദ്ദേഹവും മക്കളും തങ്ങളുടെ തോട്ടത്തിൽ ആളുകളെ ഊഷ്മളമായി വരവേറ്റ് വിരുന്നൂട്ടിയാണ് ആ അറേബ്യൻ പാരമ്പര്യം തനിമയോടെ തുടരുന്നത്. കഴിഞ്ഞ എട്ടുവർഷമായി ഹരീഖിലെ ഓറഞ്ചുമേളയോടനുബന്ധിച്ച് 10 ദിവസവും തോട്ടം മുഴുവൻ സന്ദർശകർക്ക് തുറന്നുകൊടുക്കുകയും അവർക്ക് വേണ്ടതെല്ലാം നൽകുകയും ചെയ്ത് ഹരീഖിലെ ഹാഥ്വിമുതാഇകളായി പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്.
ശൈഖ് മുഹമ്മദ് ബിൻ നാസർ അൽ ഖത്ലാന്റെ മകൻ അബൂ വലീദ് എന്നറിയപ്പെടുന്ന പ്രഫ. സഅദ് ബിൻ മുഹമ്മദ് അൽ ഖത്ലാൻ ആണ് നിലവിൽ എല്ലാറ്റിനും നേതൃത്വം നൽകുന്നത്. സ്വദേശിയോ വിദേശിയോ എന്ന് നോക്കാതെ നിറഞ്ഞ പുഞ്ചിരിയോടെ കെട്ടിപ്പിടിച്ച് സ്വീകരിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുകയാണ് അദ്ദേഹവും സഹോദരങ്ങളും. പിതാവ് തുടങ്ങിവെച്ചത് അവർ അങ്ങനെ തന്നെ തുടരുന്നു. പ്രായാധിക്യത്തിെൻറ അവശതയുള്ളതുകൊണ്ട് പിതാവ് എല്ലായ്പ്പോഴും എത്താറില്ല.
കുടിവെള്ളം, ഖഹ്വ, കാപ്പി, ചായ, ഈത്തപ്പഴം, ഓറഞ്ച്, മറ്റു പഴവർഗങ്ങൾ എന്നിവ തോട്ടത്തിലെത്തുന്ന മുഴുവനാളുകൾക്കും വിതരണം ചെയ്യുന്നു. അതിന് ജോലിക്കാരുണ്ട്. അറേബ്യൻ മജ്ലിസിൽ വരവേറ്റ് ഇരുത്തിയാണ് ഈ ആതിഥ്യമരുളൽ. മേള നടക്കുന്ന 10 ദിവസവും ഉച്ചക്ക് ഒന്നിന് മുമ്പ് തോട്ടത്തിൽ എത്തുന്ന മുഴുവൻ സന്ദർശകർക്കും ഒട്ടകം, ആട് എന്നിവയുടെ ബിരിയാണി, മന്തി എന്നിവയും തോട്ടത്തിൽ ഒരുക്കിയിരിക്കുന്ന മജ്ലിസിൽ സൗജന്യമായി വിതരണം ചെയ്യുന്നു.
മാൻ, മയിൽ, പ്രാവ് തുടങ്ങിയ പക്ഷിമൃഗാദികളെയും വ്യത്യസ്തമായ ഫലവൃക്ഷങ്ങളുള്ള തോട്ടവും ചുറ്റിനടന്ന് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റോസുൾപ്പെടെ വിവിധയിനം പൂക്കളും തക്കാളിയും പലയിനം പച്ചക്കറികളും വാഴപ്പഴമടക്കമുള്ള പഴവർഗങ്ങളും തോട്ടത്തിലുണ്ട്. ടൈൽസ് വിരിച്ചു ഭംഗിയാക്കിയ നടപ്പാതകളാണുള്ളത്. ഈ തോട്ടത്തിലുണ്ടാവുന്ന ഫലവർഗങ്ങൾ മുഴുവൻ ദാനം ചെയ്യുകയാണ് പതിവ്. ഹരീഖ് പട്ടണത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തന്നെ അൽ മതീർ മലമ്പ്രദേശത്താണ് തോട്ടം സ്ഥിതി ചെയ്യുന്നത്.
തോട്ടത്തിൽനിന്ന് ഫെസ്റ്റ് നടക്കുന്ന നഗരിയിലേക്കായിരുന്നു തുടർന്നുള്ള യാത്ര. ഓറഞ്ചുൽപന്നങ്ങൾ, വടുകപ്പുളി നാരങ്ങ, അത്തിപ്പഴം, ഈത്തപ്പഴം, പ്രാദേശിക തേൻ, തേനീച്ച വളർത്തൽ എന്നിവ പ്രദർശിപ്പിക്കുന്ന 150 സ്റ്റാളുകളാണ് മേള നഗരിയിൽ കണ്ടത്.
വിവിധ സാംസ്കാരിക പരിപാടികളും കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള വിനോദപരിപാടികൾ, കർഷകർക്ക് മാർഗനിർദേശം നൽകുന്ന സന്ദേശങ്ങൾ എന്നിവയുമുണ്ട്. മേളയുടെ ഭാഗമായി പുരാതന മലയോര നഗരിയായ ദർബ് അജ്ലാൻ മേഖലയിൽ ട്രക്കിങ്ങിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഹാരിഖ് ഗവർണറേറ്റിെൻറ ഭൂതകാലത്തെക്കുറിച്ച് പറയുന്ന നിരവധി ചിത്രങ്ങളുടെ പ്രദർശനവും നഗരിയിലുണ്ട്. സന്ദർശകർക്കായി ഹരീഖ് ഗവർണറേറ്റിലെ തൈക്വാൻഡോ ക്ലബ് ശാഖ ആയോധനകലകളുടെ പ്രദർശനം നടത്തുന്നുണ്ട്. കൂടാതെ ദിനേന വിവിധ കലാകാരന്മാരുടെ സന്ദർശകരിലെ കുട്ടികളെ കൂടി പങ്കാളികളാക്കി കലാപരിപാടികളും നഗരിയിലെ വേദികളിൽ അരങ്ങേറുന്നുണ്ട്. റോൾസ് റോയ്സ് അടക്കമുള്ള റോയൽ ക്ലാസിക് കാറുകളുടെ പ്രദർശനവും ഉൾപ്പെടുന്നു.
മേള നഗരിയിൽനിന്ന് ഇറങ്ങിയ ശേഷം ഹരീഖിലെ പ്രധാന പാർക്കിലേക്ക് പോയി. വളരെ മനോഹരമാണ് മലമുകളിലുള്ള അവിടെ നിന്നുള്ള കാഴ്ച. എന്നാൽ, വൈകീട്ടോടെ തണുത്ത കാറ്റ് വീശാൻ തുടങ്ങിയപ്പോൾ അവിടെ അധികനേരം ഇരിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി ഞങ്ങൾ കുന്നിറങ്ങി. റിയാദിലേക്ക് മടക്കയാത്ര ആരംഭിച്ചു.
ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും അതിഥി സൽക്കാരത്തിന്റെയും കാര്യത്തിൽ സൗദി പൗരന്മാരിൽനിന്നും പ്രത്യേകിച്ച് ഖത്ലാൻ കുടുംബത്തിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്നായിരുന്നു മടങ്ങുമ്പോൾ സുഹൃത്ത് റിയാസ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.