റിയാദ്: ആതുരശുശ്രൂഷയിൽ മലയാളി നഴ്സുമാരുടെ അർപ്പണ ബോധത്തെ പ്രശംസിച്ച് പാകിസ്താനി പുരുഷ നഴ്സ്. മലയാളി നഴ്സുമാർ സ്നേഹംകൊണ്ട് പരിചരിക്കുന്നവരാണെന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആശിർ കമ്രാൻ സ്വന്തം അനുഭവത്തിൽനിന്ന് പറയുന്നു. ആറുവർഷം മുമ്പാണ് ആദ്യമായി നഴ്‌സിങ് ജോലിക്കായി സൗദിയിലെത്തുന്നത്. അന്ന് നൈറ്റ് ഡ്യൂട്ടിയിൽ സഹപ്രവർത്തകയായി ഉണ്ടായിരുന്നത് മലയാളി നഴ്‌സാണ്. ശരീഫ എന്നാണ് അവരുടെ പേര്. പുതുതായി വരുന്ന സഹപ്രവർത്തകരെ എങ്ങനെ സ്വീകരിക്കണമെന്നും പുതിയ സാഹചര്യത്തിൽ തൊഴിലെടുക്കാൻ എങ്ങനെ പ്രാപ്തരാക്കണമെന്നും പഠിപ്പിച്ചത് അവരാണ്. പുതുതായി വരുന്ന മലയാളി നഴ്‌സുമാർ പൊതുവെ ഭാഷയുടെ കാര്യത്തിൽ പിറകിലായിരിക്കും.
അറബിയും ഹിന്ദിയും അപൂർവം പേർക്കേ അറിയൂ. ഇംഗ്ലീഷിലും പ്രാവീണ്യം കുറവായിരിക്കും. എന്നാൽ കുറഞ്ഞകാലം മതി, അവർ എല്ലാ ഭാഷയിലും പ്രാവീണ്യമുള്ളവരായി മാറും. ഏത് ദേശക്കാരായ രോഗിക്കും മലയാളി നഴ്‌സിനുമിടയിൽ പരസ്പരം മനസ്സിലാകുന്ന ഒരു അദൃശ്യ ഭാഷ ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. പുതുതായി വരുന്ന മലയാളി നഴ്സുമാർ പോലും അവർക്കറിയാത്ത ഭാഷക്കാരായ രോഗികളോട് ആശയവിനിമയം സാധ്യമാക്കുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ആശിർ പറയുന്നു. പ്രത്യേകതരം സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ഭാഷയാണതെന്ന് പിന്നീട് മനസ്സിലായിട്ടുണ്ട്.
കോവിഡ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സമയത്ത് സഹപ്രവർത്തകരായ മലയാളി നഴ്‌സുമാരിൽ പലരും പൊടുന്നനെ ജീവകാരുണ്യ പ്രവർത്തകരായി മാറിയതാണ് മറ്റൊരു ഹൃദ്യമായ അനുഭവം. മുൻ പരിചയമുള്ള രോഗികൾ കോവിഡ് ബാധയേറ്റ് ആരോഗ്യപ്രശ്‍നങ്ങൾ നേരിട്ട സമയത്ത് സഹായം അഭ്യർഥിച്ചു വിളിക്കും. അവർക്ക് മറ്റ് ആശുപത്രിയിൽ ചികിത്സ തരപ്പെടുത്തുന്നതിനും ആംബുലൻസ് സേവനം ലഭ്യമാക്കുന്നതിനുമെല്ലാം നിരന്തരമായി ഇടപെട്ടിരുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയും അവരുമായി നിരന്തരം ബന്ധപ്പെട്ടും തങ്ങളെ സമീപിച്ചവരുടെ ജീവൻ സംരക്ഷിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ച മലയാളി നഴ്സുമാർ നഴ്സിങ് ലോകത്തെ വലിയ മാതൃകയാണ്. പാകിസ്താനിലെ അതീവ അപകടകരമായ മേഖലകളിലെ ആശുപത്രിയിൽ ജോലി ചെയ്തിട്ടുള്ള ആശിറിന് ആ ഓർമകളിന്നും ചോരപൊടിഞ്ഞുനിൽക്കുന്നതാണ്.
വെടിയേറ്റും ബോംബേറിൽ പരിക്കുപറ്റിയും ചികിത്സ തേടിയെത്തിയ നിരവധിപേരെ പരിചരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ഒലിച്ചുവരുന്ന ജീവനുകൾക്ക് ശ്വാസംനൽകി ജീവിതം തിരിച്ചുനൽകിയിട്ടുണ്ട്. നഴ്‌സുമാരെ ഭൂമിയിലെ മാലാഖമാർ എന്ന് വിളിക്കുന്നത് തീർത്തും അർഥപൂർണമായ പ്രയോഗമാണ്. ചില ജീവനുകൾ കൈവെള്ളയിൽ കിടന്ന് പിടയുമ്പോൾ ദൈവം മാലാഖമാരുടെ ചുമതലയും അമാനുഷിക മനശ്ശക്തിയും തന്ന് അവരെ രക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങളെ ഏൽപിക്കുന്നതായി അനുഭവപ്പെടാറുണ്ടെന്ന് ആശിർ പറയുന്നു. നഴ്സുമാരെന്നാൽ വനിതകളാണെന്നാണ് പൊതുബോധം. അതുകൊണ്ടാണ് കൂടുതൽ അനുകമ്പയും അഭിനന്ദനവും അവരിലേക്ക് ഒതുങ്ങുന്നത്.
പുരുഷ നഴ്‌സുമാർക്ക് അർഹമായ പരിഗണനയും അംഗീകാരവും നൽകാൻ സമൂഹത്തിന് മടിയുള്ള പോലെ അനുഭവങ്ങളുണ്ടായിട്ടുണ്ട്. വനിതകൾക്ക് മുകളിലല്ല അവരെ പോലെ പരിഗണിക്കപ്പെടേണ്ടവരാണ് പുരുഷ നഴ്‌സുമാരും എന്നൊരു അഭിപ്രായം അപേക്ഷയും എനിക്കുണ്ടെന്നും ആശിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.