റിയാദ്: ദേശീയവും അന്തർദേശീയവുമായ വെല്ലുവിളികളെ നേരിടാൻ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
ഗ്രൂപ് ഓഫ് സെവൻ (ജി സെവൻ) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. ഗസ്സയിലും ലബനാനിലും വെടിനിർത്തലിന് നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഗസ്സയിൽ നിയന്ത്രണങ്ങളില്ലാതെ സഹായം വിതരണം ചെയ്യുന്നത് ഉറപ്പാക്കുക, ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപപ്പെടുത്തുന്നതിന് പ്രവർത്തിക്കുക, ലബനാനിലെ ആക്രമണം കുറക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയും അതിന്റെ പരമാധികാരത്തെ മാനിക്കുകയും ചെയ്യുക എന്നിവക്ക് അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.
സുഡാനിലെ പ്രതിസന്ധിക്ക് ശാശ്വതമായ ഒരു പരിഹാരത്തിൽ എത്തിച്ചേരാനും അവിടെയുള്ള മനുഷ്യരുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനും അടിയന്തിരമായി ഇടപ്പെടൽ ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ജോർദാൻ, യു.എ.ഇ, ഖത്തർ, ഈജിപ്ത്, അറബ് ലീഗ് സെക്രട്ടറി ജനറൽ എന്നിവരുടെ പങ്കാളിത്തത്തോടെ ‘മിഡിൽ ഈസ്റ്റ് സ്ഥിരതക്കായി ഒരുമിച്ച്’ എന്ന സെഷനിൽ ഗസ്സയിലെയും ലബനാനിലെയും സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.