അറിവെന്ന അനന്തമായ ആഴിയിൽനിന്ന് തിരിച്ചറിവിെൻറ അമൂല്യമായ വിത്തുകൾ പാകി നാളെയുടെ പ്രതീക്ഷകളെ കൊയ്തെടുക്കുന്ന പ്രിയപ്പെട്ട അധ്യാപകരുടെ ഓർമകളിൽ ഒരധ്യാപകദിനം കൂടി കടന്നുപോകുന്നു. ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതി സർവേപ്പിള്ളി രാധാകൃഷ്ണെൻറ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനെ അധ്യാപകദിനമായി ആചരിച്ച് തുടങ്ങിയത് മുതൽ ഈ ദിനത്തെ നമ്മൾ ബഹുമാനപൂർവം ആഘോഷിച്ചു കൊണ്ടേയിരിക്കുന്നു. മാറുന്ന നവലോകക്രമത്തിലും ഗുരുശിഷ്യ ബന്ധത്തിെൻറ പവിത്രതയും നേരറിവിേൻറയും മൂല്യങ്ങളുടെയും പ്രാധാന്യത്തെ കുറിച്ച് പുതിയ തലമുറക്ക് ഓർക്കാനുള്ള ദിനം.
അധ്യാപനം എന്നത് കേവലം ഉപജീവന ജോലി മാത്രമല്ല, മറിച്ച് ആസ്വദിച്ച് ചെയ്യാവുന്ന നല്ലൊരു കലയും കർമവും കൂടിയാണ്.
പ്രവാസത്തിെൻറ ഈ വിരസതകളിൽ പലപ്പോഴും ഓർമകൾ മനസ്സിനെ പ്രവാസത്തിലെത്തുന്നതിന് മുമ്പ് വിവിധ സ്കൂളുകളിലായി ചുരുങ്ങിയ കാലമെങ്കിലും ആത്മസംതൃപ്തിയോടെയും നിറഞ്ഞ മനസ്സോടെയും പരിലസിച്ചിരുന്ന ആ പഴയ അധ്യാപനകാലത്തേക്ക് കൂട്ടിക്കൊണ്ടുപോവാറുണ്ട്.
വിവിധ ക്ലാസുകളിലായി മുന്നിലൂടെ കടന്നുപോയ ആയിരങ്ങളിൽ പ്രതിഭാശാലികളായ പ്രിയപ്പെട്ട വിദ്യാർഥികൾ ഏറെയുണ്ടായിരുന്നു.
അവരിൽ പലരും ഇന്ന് ജീവിതത്തിെൻറ പലപല മേഖലകളിൽ തിളങ്ങുന്നത് കാണുമ്പോൾ വലിയ ചാരിതാർഥ്യം അനുഭവപ്പെടുന്നു.
ലോകത്തെവിടെയാണെങ്കിലും ഏത് തിരക്കേറിയ വീഥികളിലൂടെ കടന്നുപോകുമ്പോഴും ഇന്നും മാഷേന്നൊരു പിൻവിളി പലപ്പോഴും കാതുകളിലെത്താറുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ എവിടെയെങ്കിലും പഠിപ്പിച്ച വിദ്യാർഥിയാവും. മറ്റെല്ലാ നാട്യങ്ങളും അഴിച്ചുവെച്ച് അപ്പോൾ ഒരുനിമിഷം വീണ്ടും ആ പഴയ അധ്യാപകനാവും.
സ്നേഹസൗഹൃദങ്ങൾക്കും ബഹുമാനാദരവുകൾക്കുമപ്പുറം അപ്പോൾ ലഭിക്കുന്ന ആ സന്തോഷവും പ്രാർഥനകളും തന്നെയാണ് ഇന്നും എല്ലാത്തിനുമപ്പുറം എെൻറ ഏറ്റവും വലിയ നേട്ടമായി ഞാൻ കാണുന്നത്. വിധിക്കൊപ്പം ജീവിത പ്രാരാബ്ധങ്ങളുടെ നടുക്കയങ്ങളിൽ തുഴഞ്ഞ് ഇഷ്ടപ്പെട്ട പ്രഫഷനെ ഉപേക്ഷിച്ച് പ്രവാസത്തെ പുണർന്നുകഴിയുമ്പോഴും എല്ലാ നഷ്ടത്തിനുമപ്പുറം അത് തന്നെയാണെെൻറ ഏറ്റവും വലിയ സമ്പാദ്യവും.!!!
പുതിയ തലമുറക്ക് നേരറിവ് പകർന്നുനൽകുന്നതിനൊപ്പം ആത്മവിശ്വാസവും ജീവിതലക്ഷ്യവും പകർന്നുനൽകാൻ രക്ഷിതാക്കളേക്കാൾ കഴിയുന്നത് അധ്യാപകർക്കാണ്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും വലിയ ധാർമിക നൈപുണ്യം വേണ്ടതും അധ്യാപകർക്കുതന്നെയാണ്. മാറുന്ന ലോകത്ത് വിദ്യാഭ്യാസം നേടുക എന്നുള്ളതും അത് പകർന്നുനൽകുക എന്നുള്ളതും കേവലം ഒരു ധനസമ്പാദന മാർഗത്തിനായി മാത്രമാവുമ്പോൾ മൂല്യങ്ങൾ പലതും നമുക്ക് നഷ്ടപ്പെടുന്നതിനെ കുറിച്ച് ബോധവാന്മാരാവാൻ കഴിയാതെ പോകുന്നുണ്ട്. അധ്വാനത്തിലൂടെ നേടുന്ന പണത്തിെൻറ മൂല്യത്തിന് പൊന്നിനേക്കാൾ വിലപിടിപ്പുണ്ടെന്ന് കുട്ടികളോട് വെറുതെ പറയുക മാത്രമാകരുത് അധ്യാപകർ. മറിച്ച് സിലബസുകൾക്കൊപ്പം നമ്മുടെ ചുറ്റുവട്ടങ്ങളിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ചുകൂടി പുതിയ തലമുറയെ ബോധ്യപ്പെടുത്താൻ കഴിയേണ്ടതും അധ്യാപകർക്കാണ്. ഇന്നത്തെ വിദ്യാഭ്യാസരീതിയിൽ കോട്ടും ഷൂസും ടൈയും െഗറ്റപ്പുള്ള സ്കൂളും കാണാപ്പാഠം പഠിക്കലും ഒക്കെ മാത്രമായി അധഃപതിപ്പിക്കരുത്. മുമ്പ് സ്കൂളുകളിൽതന്നെ കുട്ടികളെ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ തക്കവണ്ണമുള്ള അധ്യാപകരും അവസരങ്ങളും ഉണ്ടായിരുന്നു. ആത്മവിശ്വാസവുമുണ്ടായിരുന്നു. അന്ന് ആത്മഹത്യകളും കുറവായിരുന്നു. ഇന്നോ കേവലം സ്മാർട്നസിന് മാത്രമായി കുട്ടികളെ മോൾഡ് ചെയ്യുമ്പോൾ യഥാർഥ ജീവിതപ്രശ്നങ്ങൾക്ക് മുന്നിൽ നമ്മുടെ കുട്ടികൾ ആത്മവിശ്വാസം കുറഞ്ഞവരായിമാറുന്നു. അന്ധമായ മത്സരപ്പാച്ചിലിനും അനുകരണങ്ങൾക്കും പിന്നിൽ രക്ഷിതാക്കളും അധ്യാപകരും യഥാർഥ ലക്ഷ്യം മറക്കുമ്പോൾ ഒപ്പം നമ്മുടെ പുതുതലമുറയുടെ മനസ്സും ചുരുങ്ങുന്നു.!
സ്വയം മാതൃകയാകാൻ മാത്രം കഴിവുള്ളവരെ സൃഷ്ടിക്കാൻ നമ്മുടെ ഓരോ അധ്യാപകർക്കും അധ്യാപനരീതിക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ചൂണ്ടിക്കാണിക്കാൻ നല്ല മാതൃകകൾ ഉണ്ടാവുന്ന കാലത്തിനും അർഥമുണ്ടാകട്ടെ.
നല്ല കഥകളിലൂടെയും പ്രവൃത്തികളിലൂടെയും എല്ലാവരെയും പ്രചോദിപ്പിക്കുന്നവരാവട്ടെ എല്ലാ അധ്യാപകരും. ലോകത്തുള്ള എല്ലാ അധ്യാപകർക്കും സർവശക്തൻ നന്മയെ നൽകട്ടെ എന്ന പ്രാർഥനയിൽ അധ്യാപകദിനാശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.