മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ ആദ്യകുഞ്ഞിന് ജന്മം നൽകി നൈജീരിയൻ യുവതി. മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് 30കാരി പ്രസവിച്ചത്. കുട്ടിക്ക് ‘മുഹമ്മദ്’ എന്ന് പേരിട്ടു. ഹജ്ജ് തീർഥാടകർക്കിടയിലെ ആദ്യത്തെ പ്രസവമാണിത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതിയെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് മക്ക ഹെൽത്ത് ക്ലസ്റ്റർ അധികൃതർ പറഞ്ഞു. ഉടൻ പ്രസവ വാർഡിലേക്ക് മാറ്റുകയും സ്വഭാവിക പ്രസവം നടക്കുകയും ചെയ്തു.
യുവതി പൂർണ ആരോഗ്യവതിയാണ്. എന്നാൽ, മാസം തികയാതെയുള്ള പ്രസവമായതിനാൽ കുഞ്ഞ് തീവ്ര പരിചരണ കേന്ദ്രത്തിലാണെന്നും അധികൃതർ സൂചിപ്പിച്ചു. മക്കയിലെത്തുന്ന തീർഥാടകരുടെ അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിനും ഏറ്റവും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രി പൂർണ ശേഷിയോടെ പ്രവർത്തിക്കുന്നുണ്ടെന്നും ക്ലസ്റ്റർ പറഞ്ഞു. തനിക്കും കുഞ്ഞിനും ലഭിച്ച മികച്ച പരിചരണത്തിന് മെഡിക്കൽ സ്റ്റാഫിനോട് നൈജീരിയൻ യുവതി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.