ജിദ്ദ: സൗദിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് തുടരുന്നു. ഒരുവർഷത്തിനിടെ 80 ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചതായി സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ പറഞ്ഞു. ചരക്കുനീക്കത്തിലുണ്ടായ വർധിച്ച ചാർജ്, യുക്രെയ്ൻ പ്രതിസന്ധി, ചൈനീസ് നിലപാട് തുടങ്ങിയവയാണ് വിലക്കയറ്റത്തിന് കാരണമായത്. പ്രവാസികളുപയോഗിക്കുന്ന അരി, എണ്ണ, ഓയിൽ, കോഴിമുട്ട തുടങ്ങി എല്ലാത്തിനും വിലകൂടി. റൊട്ടി, ധാന്യങ്ങൾ, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, പാലും പാലുൽപന്നങ്ങളും, എണ്ണകൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, പഞ്ചസാര എന്നിവയുടെയെല്ലാം വിലകൾ ഒരുവർഷത്തിനിടെ വർധിച്ചതായി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ പറഞ്ഞു.
89 ഭക്ഷ്യവസ്തുക്കളിൽ 80 എണ്ണത്തിന്റെയും വില ഒരുവർഷത്തിനിടെ വർധിച്ചു. അഞ്ചു ശതമാനം മുതൽ നൂറു ശതമാനം വരെ വിലയേറി. ഇതിൽ എട്ടെണ്ണത്തിന്റെ വിലയിൽ കുറവുണ്ടായി. മൂന്നു പ്രധാന കാരണങ്ങളാണ് വിലയേറ്റത്തിനുള്ളത്. കോവിഡ് സാഹചര്യത്തിൽ യൂറോപ്പിൽനിന്നുള്ള കണ്ടെയ്നറുകൾ ഉൽപാദനം ചൈനയിലേക്ക് മാറ്റിയിരുന്നു. ഇതോടെ, ഗൾഫ് മേഖലയിലേക്കുള്ള ഷിപ്പിങ് ലൈൻ ചാർജ് വർധിച്ചു. യുക്രെയ്ൻ പ്രതിസന്ധിയും ഇതിന് കാരണമായി. വിലക്കയറ്റം തടയാൻ കൂടുതൽ ഇറക്കുമതിക്ക് ശ്രമിക്കുകയാണ് സൗദിയിപ്പോൾ. മിക്ക ഗൾഫ് രാജ്യങ്ങളിലും സമാനമാണ് സ്ഥിതിയെന്ന് സാമ്പത്തിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.