ക്വാറന്‍റീൻ: സർക്കാർ പ്രവാസികളെ അവഹേളിക്കുന്നു -റിയാദ് ഒ.ഐ.സി.സി

റിയാദ്​: നാട്ടിൽ അവധിക്കു വരുന്ന പ്രവാസികൾ നിർബന്ധമായും ഏഴുദിവസം ക്വാറന്‍റീനിൽ കഴിയണമെന്ന സർക്കാരിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന്​ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികൾ മാത്രമാണോ കോവിഡ്​ പരത്തുന്നത് എന്ന്​ സർക്കാർ വ്യക്തമാക്കണം.

ലോകത്ത് ഇത്രത്തോളം സുരക്ഷിതത്വം നോക്കി എല്ലാ ടെസ്റ്റുകളും വളരെ കൃത്യമായി ചെയ്ത മൂന്നു വാക്‌സിനും സ്വീകരിച്ചു വരുന്ന പ്രവാസി, നാട്ടിലെത്തി നമ്മുടെ വിമാനത്താവങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പി.സി.ആർ ടെസ്റ്റും കഴിഞ്ഞു, അതിനുശേഷം വീണ്ടും ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ പോകണം എന്നാവശ്യപ്പെടുന്നത് ആരുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് എന്ന് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.

സർക്കാർ ഇതുമായി ബന്ധപെട്ടു എന്തെങ്കിലും തരത്തിലുള്ള ശാസ്ത്രീയ പഠനം നടത്തിയിട്ടാണോ ഈ തീരുമാനം എടുത്തത്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. ഇതിനെതിരെ നാട്ടിൽ എല്ലാവരും രാഷ്ട്രീയ കക്ഷി ഭേദമന്യേ രംഗത്ത് വരണമെന്ന് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടിൽ പാർട്ടി പരിപാടികൾക്ക് ആയിരങ്ങളാണ് പങ്കെടുക്കുന്നത്,

ബാറുകൾ, സിനിമാശാലകൾ, ഫുട്ബാൾ ടൂർണമെന്‍റുകൾ എല്ലാം വളരെ ലാഘവത്തോടെ നടത്താൻ അനുവദിക്കുന്ന സർക്കാർ, നാട്ടിലേക്ക് ചെറിയ അവധിക്ക് വരുന്ന പ്രവാസിക്ക് മാത്രമായി നിയമങ്ങൾ ഉണ്ടാക്കാൻ എന്തിനാണ് ഇത്ര ധൃതിപ്പെടുന്നത്. ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട് പോകണം. വിമാനത്താവങ്ങളിൽ വെച്ച് നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിഞ്ഞാൽ ക്വാറന്‍റീൻ ആവശ്യമില്ല എന്ന നിലപാടിലേക്ക് സർക്കാർ എത്തിച്ചേരണം.

ഗൾഫ് നാടുകളിൽ എല്ലാം തന്നെ ഒരാൾ പോസിറ്റീവ് ആയാൽ അസുഖം മാറുന്നതിനുള്ള കാലാവധി 14-ൽ നിന്ന് ഏഴു ദിവസമായി കുറച്ചിരിക്കുന്ന സന്ദർഭത്തിൽ നമ്മുടെ സർക്കാർ കോവിഡ് സംബന്ധിച്ച കാര്യങ്ങളിൽ കൃത്യമായ പഠനങ്ങൾ നടത്തുന്നില്ല എന്ന് വേണം നമുക്ക് മനസിലാക്കാൻ. ലോകത്തു തന്നെ മാതൃകാപരമായ രീതിയിൽ കോവിഡ് നിയന്ത്രണവിധേയമാക്കിയത് സൗദി പോലുള്ള ഗൾഫ് നാടുകളാണ്.

അവിടെനിന്ന് വരുന്ന ആളുകളെയാണ് സർക്കാർ ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുത്തു ബുദ്ധിമുട്ടിക്കുന്നത്. ഇതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകണം എന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.