ജിദ്ദ: ജിദ്ദയിൽ സംഘടിപ്പിക്കുന്ന നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് 2023 ഇലവൻസ് ഫുട്ബാൾ ടൂര്ണമെന്റിന് നാളെ വെള്ളിയാഴ്ച തുടക്കമാവും. വസീരിയയിലെ താവൂൻ ടർഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബാൾ ടൂർണമെന്റിൽ എ, ബി, ജൂനിയർ ഡിവിഷനുകളിൽ നിന്നായി 13 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂർണമായും സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ (സിഫ്) നിയമങ്ങൾ അനുസരിച്ചു സംഘടിപ്പിച്ചിരിക്കുന്ന ടൂർണമെന്റിൽ വിന്നേഴ്സ് ആവുന്നവർക്ക് എ ഡിവിഷനിൽ ട്രോഫിയും 7,000 റിയാൽ കാശ് പ്രൈസും റണ്ണേഴ്‌സിന് ട്രോഫിയും 5,000 റിയാൽ കാശ് പ്രൈസും ലഭിക്കും.
ബി ഡിവിഷനിലെ വിജയികൾക്ക് ട്രോഫിയും 3,000 റിയാൽ കാശ് പ്രൈസും റണ്ണേഴ്‌സിന് ട്രോഫിയോടൊപ്പം 2,000 കാശ് പ്രൈസും ലഭിക്കും. ജൂനിയർ ടീം വിന്നേഴ്‌സിന് ട്രോഫിയും 2,000 കാശ് പ്രൈസും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 1,000 റിയാൽ കാശ് പ്രൈസും ലഭിക്കും.
ജിദ്ദയിലെ പ്രധാപ്പെട്ട അഞ്ച് ടീമുകൾ മാറ്റുരക്കുന്ന എ ഡിവിഷൻ മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലായിരിക്കും നടക്കുക. ബി, ജൂനിയർ ഡിവിഷൻ മത്സരങ്ങൾ നോക്ക് ഔട്ട് അടിസ്ഥാനത്തിലുമായിരിക്കും. നാളെ വൈകീട്ട് 7.30 ന് നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ എ ഡിവിഷനിൽ നിന്നുള്ള കംപ്യുട്ടക്ക് ഐടി സോക്കർ എഫ്.സിയും അബീർ ബ്ലൂ സ്റ്റാർ എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 10 മണിക്ക് എ ഡിവിഷനിലെ ഷറഫിയ ട്രേഡിങ് സബീൻ എഫ്.സിയും ബാഹി ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സ് എഫ്.സിയും തമ്മിൽ മത്സരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ജൂൺ 23 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 7.30, ഒമ്പത്, പത്ത് മണികളിൽ മൂന്ന് മത്സരങ്ങൾ വീതം ഉണ്ടായിരിക്കും. വിവിധ ടീമുകൾക്ക് വേണ്ടി നാട്ടിൽ നിന്നുള്ള പ്രഗത്ഭ താരങ്ങളും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങളും ബൂട്ടണിയും. കളി വീക്ഷിക്കുന്നതിനായി ഫാമിലികൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയതായും സംഘാടകർ അറിയിച്ചു.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഫിറോസ് ചെറുകോട്, ടൂർണമെന്റ് സ്പോണ്സർമാരായ നഹ്ദ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നാസർ നാലകത്ത്, മാർക്കറ്റിങ് മാനേജർ മസൂദ് റഹ്‌മാൻ, ഫിനാൻസ് ഓഫിസർ ആദിൽ, റിയൽ കേരള ക്ലബ് ഡയറക്ടർമാരായ യാസർ അറഫാത്, യഅകൂബ്, കൺവീനർ ബിജു ആക്കോട്, സി.സി അബ്ദുൾ റസാക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.