ജിദ്ദ: ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് പുനരാരംഭിക്കുന്നു. ഇതിനായി സൗദിയും ഇന്തോനേഷ്യയും കരാർ ഒപ്പുവെച്ചു. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല നാസ്വിർ അബുസനീനും ഇന്തോനേഷ്യൻ മാനവ വിഭവശേഷി മന്ത്രി ഈദാ ഫൗസിയുമാണ് ഒപ്പിട്ടത്.
കരാറൊപ്പിട്ട തീയതി മുതൽ വിവിധ തൊഴിലുകളിൽ ഇന്തോനേഷ്യയിൽനിന്ന് റിക്രൂട്ട്മെൻറ് പുനരാരംഭിക്കാനാണ് ധാരണ. ബാലി ദ്വീപിൽ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര കാര്യങ്ങളുടെ അണ്ടർസെക്രട്ടറി ഡോ. അദ്‌നാൻ അൽനഈം, മന്ത്രാലയത്തിലെ സാങ്കേതിക വിഭാഗം, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തൊഴിൽവിപണിയിലെ പൊതുതാൽപര്യമുള്ള വിഷയങ്ങളും പ്രവർത്തനങ്ങളും ചർച്ചചെയ്യുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നതിനിടെയാണ് കരാർ ഒപ്പിടൽ നടന്നത്. ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രക്രിയകൾ ഏകീകരിക്കാനും റിക്രൂട്ട്മെൻറ് നടപടി സുഗമമാക്കാനും കരാറിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഊർജിതശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാർ. സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.