റിയാദ്: റിയാദ് മെട്രോയുടെ ഉദ്ഘാടനം തലസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള ഭരണകൂടത്തിന്റെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിയാദ് മേഖല മേയർ അമീർ ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൊതുഗതാഗത, അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ് റിയാദ് മെട്രോ. അതിന്റെ ഉദ്ഘാടനം ചരിത്രപരമായ ദേശീയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു.
പ്രധാന ആഗോള തലസ്ഥാനങ്ങളിലൊന്നായി റിയാദിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ഭരണാധികാരിയുടെ ഭാവി കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്നു. വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത വർധിപ്പിക്കുന്നതിനും റിയാദ് മെട്രോ ഉപകരിക്കുമെന്ന് മേയർ പറഞ്ഞു.
റിയാദ് മേഖലയുടെ ഗവർണറായിരിക്കുമ്പോൾ സൽമാൻ രാജാവ് നടത്തിയ മഹത്തായ ശ്രമങ്ങളെ മേയർ അനുസ്മരിച്ചു. തലസ്ഥാനത്തിന്റെ ആധുനിക ആസൂത്രണത്തിനും നിർമാണ ഘട്ടങ്ങൾക്കും സൽമാൻ രാജാവ് നേതൃത്വം നൽകി. കിരീടാവകാശി തന്റെ വിഷനിലൂടെ സൽമാൻ രാജാവിന്റെ കാഴ്ചപ്പാടുകളെ കൂടുതൽ ശക്തിപ്പെടുത്തി. ഇത് ഗുണപരമായ പദ്ധതികൾ ആരംഭിക്കുന്നതിന് കാരണമായി.
റിയാദിനെ സുസ്ഥിര വികസനത്തിന് ആഗോള മാതൃകയാക്കി. റിയാദ് മെട്രോയുടെ ഉദ്ഘാടനം തലസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് ഭരണകൂടം പുലർത്തുന്ന അഭിലാഷത്തിന്റെ വലുപ്പത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും മേയർ പറഞ്ഞു. റിയാദ് മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് സൽമാനും മേയർ നന്ദിയും അഭിനന്ദനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.