ജിദ്ദ: സൗദിയിൽ കോടതിയിലെത്തുന്ന വാടക സംബന്ധിച്ച കേസുകൾ 50 ശതമാനത്തിലേറെ കുറഞ്ഞതായി മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈൽ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ വാടക ഇടപാടുകൾക്കുള്ള നടപടികൾ ഡിജിറ്റലായി ക്രമീകരിച്ച 'ഈജാർ പ്രോഗ്രാ'മുമായി നീതിന്യായ മന്ത്രാലയത്തെ ബന്ധിപ്പിച്ചതിെൻറ ഫലമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ജോലികൾ സുഗമമാക്കുന്നതിന് സംയുക്ത കമ്മിറ്റി രൂപവത്കരിക്കാൻ ലക്ഷ്യമിട്ട് സഹകരണ മെമ്മോറാണ്ടം തയാറാക്കിയിട്ടുണ്ട്.
ഇതിൽ ഒപ്പിടുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾക്കായി നീതിന്യായ മന്ത്രിയും മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രിയും കുറച്ച് ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. റിയൽ എസ്റ്റേറ്റ് രേഖകൾ ഇലക്ട്രോണിക് രീതിയിൽ ഇഷ്യൂ ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ഈജാർ പ്രോഗ്രാമിൽ എളുപ്പമായി.
ഈ വർഷം ഈ സംവിധാനത്തിൽ ശ്രദ്ധേയമായ പുരോഗതിയാണ് രേഖപ്പെടുത്തിത്. മുൻ വർഷങ്ങളിൽ നേടിയതിനേക്കാൾ റിയൽ എസ്റ്റേറ്റ് കരാർ രജിസ്ട്രേഷൻ നടപടികളുടെ എണ്ണം കൂടിയിട്ടുണ്ട്.
നിലവിൽ കരാറുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ താമസ, വാണിജ്യ കരാറുകളിൽ 28 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഈജാർ നെറ്റ്വർക്കിലൂടെ രേഖപ്പെടുത്തിയ വാടക കരാറുകളുടെ പ്രതിദിന നിരക്ക് 3300ലധികമാണ്.
2021ലെ മൊത്തം കരാറുകളിൽ ഏകദേശം 8,83,000 ഭവന കരാറും 2,29,000 എണ്ണം വാണിജ്യ കരാറുകളുമാണ്. ഈ വർഷം ഏകദേശം 24,000 അംഗീകൃത റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെ ബോധവത്കരിക്കാനായി 13ലധികം വർക്ക്ഷോപ്പുകളും നടത്തി.
അവരിൽ 4500 റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ 2021ൽ അംഗീകൃത റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരായി നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.