റിയാദ്: ജൂൺ 26ലെ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ 'റിസ'യുടെ നേതൃത്വത്തിൽ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ഈ മാസം 26, 27 തീയതികളിൽ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ സംഘടിപ്പിക്കുന്നു. ഏഴുവർഷമായി 'റിസ' സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പതിനായിരക്കണക്കിന് കുട്ടികളും ആയിരക്കണക്കിന് അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.
സൗദി അറേബ്യ ഉൾപ്പെടെ മധ്യ പൗരസ്ത്യ രാജ്യങ്ങളിൽ 26ന് ഞായറാഴ്ചയും ഇന്ത്യയിലെയും മറ്റു വിദേശരാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27ന് പ്രതിജ്ഞാചടങ്ങ് സംഘടിപ്പിക്കും. മധ്യവേനൽ അവധിക്ക് നേരത്തേ അടക്കുന്നതിനാൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഈ മാസം 22നാണ് പ്രതിജ്ഞ നടക്കുന്നത്. സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണസമിതിയുടെ അംഗീകാരത്തോടെ 2012ൽ റിയാദ് കേന്ദ്രമായി തുടക്കം കുറിച്ച 'റിസ' 2020 മുതൽ യു.എൻ.ഒ.ഡി.സിയുടെ എൻ.ജി.ഒ പട്ടികയിലും യു.എൻ ഡേറ്റ ബേസിലും ഇടം നേടിയിട്ടുണ്ട്. പ്രതിജ്ഞാപരിപാടിയിൽ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കണമെന്നും 'റിസാ' കൺവീനറും സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. എസ്. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടന്റ് ഡോ. എ.വി. ഭരതൻ, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ, കേരള കോഓഡിനേറ്റർ കരുണാകരൻ പിള്ള എന്നിവർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ risa.skf@gmail.com എന്ന മെയിലിലോ +918301050144, +919656234007 എന്നീ വാട്സ്ആപ് നമ്പറുകളിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.