റിയാദ് ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ സംഘടനയുടെ സിൽവർ ജൂബിലി ലോഗോ ഇന്ത്യൻ എംബസി ഡി.സി.എം അബു മാത്തൻ ജോർജ് പ്രകാശനം ചെയ്യുന്നു
റിയാദ്: മുൻവർഷങ്ങളിലേത് പോലെ മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ആവശ്യകത വിളിച്ചോതി റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. അമൻ, അമൽ എന്നീ കുരുന്നുകളുടെ ഖുർആൻ പാരായണത്തിനും തർജമക്കും ശേഷം പി.വി. അബ്ദുൽ മജീദ് റമദാൻ സന്ദേശം നൽകി. തുടർന്ന് ബാങ്ക് വിളിയോടെ സമൃദ്ധമായ നോമ്പുതുറക്ക് തുടക്കമായി.
മഗ്രിബ് നിസ്കാര ശേഷം ആരംഭിച്ച സാംസ്കാരിക യോഗത്തിൽ പ്രസിഡന്റ് ഉമർകുട്ടി അധ്യക്ഷതവഹിച്ചു. ഉപദേശകസമിതി അംഗം ജോൺ ക്ലീറ്റസ് ഇന്ത്യൻ സമൂഹത്തിനു വേണ്ടിയുള്ള ‘റിയ’യുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. മുഖ്യാതിഥി ഇന്ത്യൻ എംബസി ഡി.സി.എം അബു മാത്തൻ ജോർജ് റമദാന്റെ സന്ദേശം പങ്കുവെച്ചു.
അദ്ദേഹവും റിയ ഭാരവാഹികളും ചേർന്ന് ‘റിയ’യുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. എംബസി സെക്കൻഡ് സെക്രട്ടറി മൊയ്ൻ അക്തറും പരിപാടിയിൽ പങ്കെടുത്തു. പുണ്യ അനീഷ് അവതാരകയായിരുന്നു. സെക്രട്ടറി അരുൺ കുമരൻ രാജാശേഖരൻ സ്വാഗതവും സാംസ്കാരിക വിഭാഗം കൺവീനർ ജുബിൻ പോൾ നന്ദിയും പറഞ്ഞു. അത്താഴ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.