റിയാദ്: ടാർഗറ്റ് ഗ്ലോബൽ അക്കാദമിയും ഫോക്കസ് ഇൻറർനാഷനലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘റിയാദ് എജു എക്സ്പോ’ സെപ്റ്റംബർ13ന് വൈകീട്ട് നാലിന് അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇൻറലിജിൻസ്, മെഷീൻ ലേണിങ്, ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, മെഡിക്കൽ സയൻസ്, എൻജിനീയറിങ്, കോമേഴ്സ് തുടങ്ങി വിവിധ വിഷയങ്ങളിൽ സാധാരണ കരിയർ ഗൈഡൻസ് ക്ലാസുകളിൽനിന്ന് വ്യത്യസ്തമായി ഓരോ മേഖലകളിലും ജോലി ചെയ്യുന്ന വിദഗ്ധരാണ് റിയാദ് എജു എക്സ്പോയിൽ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
മോട്ടിവേഷനൽ സ്പീക്കറും സൈബർ സെക്യൂരിറ്റി വിദഗ്ധനും മംഗലാപുരം സഹയാദ്രി എൻജിനീയറിങ് കോളജ് പ്രിൻസിപ്പലുമായ ഡോ. ആനന്ദ് പ്രഭു ജോബ് ‘മാർക്കറ്റ് ഡിമാൻഡി’നെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. ‘കുട്ടികളിലെ സംരംഭകത്വം എങ്ങനെ വളർത്തിയെടുക്കാം’ എന്ന വിഷയത്തിൽ 12ാം ക്ലാസ് പഠിതാവും വിവിജി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കമ്പനിയുടെ സി.ഇ.ഒയുമായ ന്യുയാം സംസാരിക്കും.
‘കുട്ടികളിലെ ആശയവിനിമയ ശേഷി എങ്ങനെ മെച്ചപ്പെടുത്താം’ എന്ന വിഷയത്തിൽ ഇന്റർടെക് ജി.സി.സി സെയിൽസ് മാനേജരും ടോസ്റ്റ് മാസ്റ്റർ ചാമ്പ്യൻ കൂടിയായിട്ടുള്ള സെയ്യിദ് ഫൈസൽ ക്ലാസെടുക്കും. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന ഇൻഡസ്ട്രി വിദഗ്ധരെ അണിനിരത്തിയുള്ള പാനൽ ഡിസ്കഷനായിരിക്കും റിയാദ് എജു എക്സ്പോയിലെ മുഖ്യ ആകർഷണം.
പാനൽ ഡിസ്കഷനിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ സംശയങ്ങൾ ചോദിച്ചറിയാം. എക്സ്പോ വേദിയിൽ റിയാദിലെ മുഴുവൻ ഇന്ത്യൻ സ്കൂളിലെയും ഏറ്റവും സീനിയറായ രണ്ട് അധ്യാപകരെയും കഴിഞ്ഞ അധ്യയന വർഷത്തെ ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
കഴിഞ്ഞ മേയിൽ ടാർഗറ്റ് ഗ്ലോബൽ അക്കാദമി സംഘടിപ്പിച്ച ‘ടാലൻറ് ഹണ്ട് സ്കോളർഷിപ്’ പരീക്ഷയിലെ വിജയികളെയും ഈ വേദിയിൽ അനുമോദിക്കും. റിയാദ് എജു എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. www.targetglobalacademy.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
ആദ്യം രജിസ്റ്റർ ചെയുന്ന 500 പേർക്കായിരിക്കും പ്രവേശനം. ടാർഗറ്റ് ഗ്ലോബൽ അക്കാദമി ജനറൽ മാനേജർ എം.സി. മുനീർ, മാർക്കറ്റിങ് മാനേജർ മുഹമ്മദ് അസ്ലം, ഫോക്കസ് ഇൻറർനാഷനൽ ഭാരവാഹികളായ ഫൈറൂസ് വടകര, റഊഫ് പയനാട്ട്, അബ്ദുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.