റിയാദ്: സൽമാൻ രാജാവ് നട്ടുപിടിപ്പിച്ച ഫലങ്ങളിൽ ഒന്നാണ് റിയാദ് പൊതുഗതാഗത പദ്ധതിയെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. റിയാദ് മെട്രോ ഉദ്ഘാടനവേളയിലാണ് കിരീടാവാകാശി ഇക്കാര്യം പറഞ്ഞത്. റിയാദ് നഗരത്തിലെ ‘ട്രെയിൻ, ബസ് പൊതുഗതാഗത പദ്ധതി’ എന്ന ചിന്ത ആരംഭിച്ച് അത് യഥാർഥ്യമാകുന്നതുവരെ നൽകിയ പിന്തുണക്കും മേൽനോട്ടത്തിനും സൽമാൻ രാജാവിന് കിരീടാവകാശി നന്ദി അറിയിച്ചു.
സൽമാൻ രാജാവിന്റെ നിർദേശ പ്രകാരം റിയാദ് നഗരവാസികൾക്കും സന്ദർശകർക്കും അതിന്റെ സേവനങ്ങൾ നൽകുന്നതിന് പദ്ധതി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിലും പൂർണമായ അളവിലുമാണ് പൂർത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോ റിയാദിലെ പൊതുഗതാഗത സംവിധാനത്തിലെ ഏറ്റവും വലിയ പരിവർത്തനമാണെന്നും കിരീടാവകാശി പറഞ്ഞു. ഒറ്റയടിക്ക് നടപ്പാക്കിയ ലോകത്തിലെ ഏറ്റവും വലിയ മെട്രോ പദ്ധതിയാണിത്.
ലോകത്തിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളിലുള്ള ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്. ആദ്യ ഘട്ടത്തിൽ മൂന്ന് പ്രധാന ലൈനുകൾ ഉൾപ്പെടുന്നു. സംവിധാനത്തിന്റെ കാര്യക്ഷമതയും സന്നദ്ധതയും ഉറപ്പാക്കാൻ ശേഷിക്കുന്ന ലൈനുകൾ 2025 ആദ്യ പാദം വരെ ഘട്ടംഘട്ടമായി ലോഞ്ച് ചെയ്യുന്നത് തുടരും.
പദ്ധതി വഴി റോഡുകളിലെ കാറുകളുടെ എണ്ണം പ്രതിദിനം രണ്ട് ദശലക്ഷം ട്രിപ്പുകൾ കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് മെട്രോ പദ്ധതി ഏറെ സംഭാവന ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.