റിയാദ്: റിയാദ് സീസൺ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ശ്രദ്ധനേടിയ റഫറിയായി സൗദി വനിത ഹിബ അൽഉവൈദി. തിങ്കളാഴ്ച നടന്ന അൽഹിലാൽ-ഇൻറർ മിയാമി മത്സരത്തിൽ നാലാമത്തെ റഫറിയായിരുന്നു ഹിബ. ഫിഫ റഫറി ലിസ്റ്റിൽ ഇടംപിടിച്ച ശേഷമുള്ള ഹിബയുടെ ആദ്യ റഫറിയിങ്ങായിരുന്നു ഇത്. ഏകപക്ഷീയമായി ആറ് ഗോളുകൾക്ക് അൽ നസ്റിനോട് ഇൻറർ മിയാമി അതിദയനീയമായി തോറ്റ മത്സരത്തിലും റഫറിയാകാനുള്ള അവസരം ഹിബക്ക് ലഭിച്ചു.
ഫുട്ബാൾ മത്സരം കൃത്യതയോടെയും വൈദഗ്ധ്യത്തോടെയും ഉയർന്ന പ്രഫഷനലിസത്തോടെയും കൈകാര്യം ചെയ്ത് ഹിബ കാണികളുടെ മാത്രമല്ല കായികലോകത്തിന്റെ തന്നെ ശ്രദ്ധപിടിച്ചുപറ്റി. സൗദി മാധ്യമങ്ങളിലടക്കം ഇടം നേടി. റിയാദ് സീസൺ സ്ത്രീകൾക്ക് നൽകുന്ന പ്രേത്സാഹനവും പിന്തുണയുമായി ഇതിനെ കണക്കാക്കുന്നു. ഡിസംബറിലാണ് സൗദി ഫെഡറേഷൻ ഫിഫയുടെ അംഗീകാരമുള്ള റഫറിമാരുടെ പട്ടികയിൽ ഹിബ ഇടംപിടിച്ചത്. ഫിഫയുടെ അംഗീകാരമുള്ള 22 സൗദി റഫറിമാരുടെ പട്ടികയിൽ ഹിബയും ചേർന്നു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ 2022ൽ സംഘടിപ്പിച്ച റഫറീസ് അക്കാദമി കോഴ്സിൽ ഹിബ പങ്കെടുത്തിട്ടുണ്ട്. വനിതാ പ്രീമിയർ ലീഗിലെ ആദ്യ പതിപ്പിൽ അൽ ഹിലാൽ-അൽ യമാമ മത്സരത്തിൽ റഫറിയായിരുന്നു. 2021 ജനുവരിയിൽ റിയാദിൽ സംഘടിപ്പിച്ച ജിംനാസ്റ്റിക് ഗെയിമിൽ കായിക മന്ത്രാലയം അംഗീകരിച്ച പുതിയ വനിത റഫറിമാരിൽ ഹിബയും ഉൾപ്പെട്ടിരുന്നു. 2024 റിയാദ് സീസൺ കപ്പ് മത്സരത്തിലെ റഫറിയായതോടെ കിങ്ഡം അരീന സ്റ്റേഡിയത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ സൗദി റഫറിയായി ഹിബ അൽഉവൈദി മാറി എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.