റിയാദ്: സൗദി തലസ്ഥാനനഗരിയിലൊരുക്കിയ പൂന്തോപ്പിലിരുന്ന് പാശ്ചാത്യ നാടുകളുടെ ഭക്ഷണ രുചിവൈവിധ്യം ആസ്വദിക്കാൻ 'ഗ്രോവ്സ്'. റിയാദ് സീസൺ ആഘോഷങ്ങളുടെ സവിശേഷ വേദികളിലൊന്നായ ഗ്രോവ്സ് വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങൾക്കായുള്ള ഡിപ്ലോമാറ്റിക് ക്വാർട്ടറിനകത്തെ ഒരു ഉദ്യാനത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രവൃത്തിദിവസങ്ങളിൽ 75 റിയാലും വാരാന്ത്യങ്ങളിൽ 100 റിയാലുമാണ് പ്രവേശന ഫീസ്. പ്രവേശന കവാടത്തിലെ ഹെൽത്ത് ബൂത്തിൽ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിടൽ. ഈയൊരു കടമ്പ കടന്നുകിട്ടിയാൽപിന്നെ, 'ഗ്രോവ്സി'ൽ ഇരുന്ന് ലോകത്തിന്റെ രുചികളിലേക്കും വേദിയിൽ അരങ്ങേറുന്ന കലാരൂപങ്ങളുടെ ആസ്വാദ്യതയിലേക്കും ഊളിയിടാം. അറബിക് ഗഹ്വയോ സ്പാനിഷ് ലാത്തെയോ ടർക്കിഷ് കോഫിയോ നുകർന്ന് ഗ്രോവ്സിലെ കൂറ്റൻ വേദിയിൽ അരങ്ങുതകർക്കുന്ന കലാ പ്രകടനങ്ങൾ ആസ്വദിക്കാം. അത്യാഡംബര റസ്റ്റാറന്റുകളുടെ ഭക്ഷണം ആസ്വദിക്കാം. ആഗോള രുചിയും രുചിക്കൂട്ടുകളും അറിയാം. പൊതുവേദിക്കു പുറമെ തിരഞ്ഞെടുക്കുന്ന സ്വകാര്യ റസ്റ്റോറന്റുകളിൽ കലാകാരന്മാർ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികളുണ്ട്.
അറേബ്യൻ ഊദും ഫ്രാൻസി പെർഫ്യൂമും വാങ്ങാനും പരിചയപ്പെടാനും പവിലിയനുകളുണ്ട്. നാഗരികരുടെയും ഗ്രാമീണരുടെയും വസ്ത്രങ്ങൾ വാങ്ങാം. ചിത്രരചനയും പെയിന്റിങ്ങും ആസ്വദിക്കുന്നവർക്കും പ്രത്യേകം വേദികളുണ്ട് ഗ്രോവ്സിൽ. സന്ദർശകർക്ക് അവരുടെ വളർത്തുജീവികളെ കൂടെ കൊണ്ടുവരാൻ അനുമതിയുണ്ട്. ഇതര വീടുകളിലെ വളർത്തുജീവികളുമായി ഇടപഴകാൻ 'ലൂകലാൻഡ്' എന്ന പേരിൽ പ്രത്യേക കോമ്പൗണ്ട് ഒരുക്കിയിട്ടുണ്ട്. പരിചരിക്കാനും ഭക്ഷണം നൽകാനും രസിപ്പിക്കാനും പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ലൂക്കാലാൻഡിലെ ജീവനക്കാർ. ആസ്വാദനത്തിന്റെ പുതിയ അനുഭവങ്ങൾ സമ്മാനിക്കുംവിധം അവിസ്മരണീയമാണ് ഗ്രോവ്സിലെ അന്തരീക്ഷം. റിയാദ് സീസൺ മാർച്ച് 31ന് അവസാനിച്ചാലും ഗ്രോവ്സ് വേദി കുറച്ച് മാസങ്ങൾകൂടി തുടരും.
റിയാദ് സീസണിന്റെ മറ്റു വേദികളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഗ്രോവ്സ്. വിവിധ എംബസികൾ സ്ഥിതിചെയ്യുന്ന ഡിപ്ലോമാറ്റിക് ക്വാർട്ടറിനകത്തായതുകൊണ്ട് വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും വേദിയിലെത്തുന്നുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതിനാൽ സന്ദർശകർ കൂടുതലാണ്. ഭക്ഷണ, കലാസാംസ്കാരിക വൈവിധ്യ അനുഭവങ്ങൾ നുകരാൻ സന്ദർശകർ ആവേശം കാണിക്കുന്നതായി സംഘാടകർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.