റിയാദ്: സൗദി അറേബ്യയിലെ മൂന്നു വർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനും ഭാര്യ ഫര്‍ഹ സഈദിനും റിയാദിലെ ഇന്ത്യന്‍ പൗരാവലി യാത്രയയപ്പ് നല്‍കി. വിദേശകാര്യ മന്ത്രാലയത്തിൽ വകുപ്പ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം ലഭിച്ച് ന്യൂ ഡൽഹിയിലേക്ക് പോകുന്ന അദ്ദേഹത്തിന് കോൺസുലർ, പാസ്‌പോർട്ട്, വിസ, വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഡെസ്‌കിന്‍റെ പൂർണചുമതലയാണ് ലഭിക്കുക. പുതിയ ചുമതലയിൽ ഈ മാസം അവരോധിതനാവും. ജിയോളജിയിൽ ഗവേഷണ ബിരുദധാരിയായ ഡോ. ഔസാഫ് സഈദ് ഇന്ത്യൻ വിദേശസർവിസിൽ 1989 ബാച്ചുകാരനാണ്. ഹൈദരാബാദ് സ്വദേശിയാണ്. 33 വർഷത്തെ ഔദ്യോഗിക കാലാവധിക്കിടെ സൗദി കൂടാതെ യമനിലും അംബാസഡറായും സീഷെൽസിൽ ഇന്ത്യൻ ഹൈകമീഷണറായും ഷികാഗോയിലും ജിദ്ദയിലും കോൺസൽ ജനറലായും പദവി വഹിച്ചിട്ടുണ്ട്.
കൈറോ, ദോഹ, കോപൻഹേഗൻ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരാഫ്രിക്ക ഡിവിഷനിൽ ജോയന്‍റ് സെക്രട്ടറി, ഹൈദരാബാദിൽ റീജനൽ പാസ്പോർട്ട് ഓഫിസർ പദവികളും വഹിച്ചിട്ടുള്ള അദ്ദേഹം സീഷെൽസിലെ ഹൈകമീഷണർ പദവിയിൽനിന്നാണ് 2019 ഏപ്രിലിൽ സൗദി അറേബ്യയിൽ അംബാസഡറായി എത്തിയത്. ഗ്രന്ഥകാരൻ കൂടിയായ അദ്ദേഹം ജിയോളജി, ഇന്ത്യൻ കലാസാംസ്കാരികം എന്നീ വിഷയങ്ങളിൽ മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ഉർദു കവിയും എഴുത്തുകാരനുമായ ആവാസ് സഈദിന്‍റെ മകനായ അദ്ദേഹം പിതാവിന്‍റെ രചനകൾ സമാഹരിച്ച് ഉർദുവിലൊരു പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ ഫർഹ സഈദ് ശിൽപിയും ചിത്രകാരിയുമാണ്. മൂന്ന് ആൺമക്കളാണ്.
കോവിഡ് മഹാമാരികാലത്ത് സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് ആവശ്യമായ സഹായങ്ങളെത്തിക്കാൻ നയതന്ത്രതലത്തിൽ വലിയ ഇടപെടലുകൾ നടത്തിയ അദ്ദേഹവും സന്നദ്ധപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെ ഊഷ്മളമായ യാത്രയയപ്പ് പരിപാടിയാണ് റിയാദിൽ ഒരുക്കിയത്. റൗദ അല്‍അമാകിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സാമൂഹിക- സാംസ്‌കാരിക സംഘടനാപ്രതിനിധികളും സാമൂഹികപ്രവർത്തകരും പങ്കെടുത്തു. അംബാസഡറെയും പത്നിയെയും ബൊക്കെ നല്‍കി ആദരിച്ചു.
സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സൈഗം ഖാൻ അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട്, സലീം മാഹി (ഗൾഫ് മാധ്യമം), അശ്റഫ് വേങ്ങാട്ട്, സി.പി. മുസ്തഫ (കെ.എം.സി.സി), സലീം കളക്കര, ഷാജി സോണ (ഒ.ഐ.സി.സി), ലത്തീഫ് ഓമശ്ശേരി (തനിമ), അനസ് മാള (യൂത്ത് ഇന്ത്യ), റഹ്മത്ത് തിരുത്തിയാട് (പ്രവാസി സാംസ്‌കാരിക വേദി), നസീര്‍ ഹനീഫ (മൈത്രി കരുനാഗപ്പള്ളി), ശഫീഖ്, ഷഫീഖ്, ഹാതിം (ലുലു ഹൈപര്‍മാര്‍ക്കറ്റ്), ഫഹദ് (ജരീർ മെഡിക്കൽ സെന്‍റർ), ഷംനാസ് കുളത്തൂപ്പുഴ, സലാം പെരുമ്പാവൂർ (ഡബ്ല്യൂ.എം.എഫ്), നവാസ് ഒപ്പീസ്, ശഫീഖ് പാനായിൽ (റിയാദ് ടാകീസ്), ഡോ. അബ്ദുല്‍ അസീസ് (സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍), സിദ്ദീഖ് തുവ്വൂർ, ഹുസൈൻ ദവാദ്മി, അബൂബക്കർ സിദ്ദീഖ്, ഇല്യാസ് കല്ലുമൊട്ടക്കൽ, ഡോ. ജയചന്ദ്രൻ, ബിൻഷാദ്, നിഷാദ് ആലംകോട്, നബീൽ സിറാജുദ്ദീൻ, മുഹമ്മദ് റാസി, ഹസൻ ഹർഷാദ്, റാഫി കൊയിലാണ്ടി, മജീദ് പൂളക്കാടി, ബിനു ശങ്കർ, സലീം പാറയിൽ, ടി.വി.എസ്. സലാം, കെ.സി. ഷാജു, പൂക്കോയ തങ്ങൾ, നിഹ്മത്തുല്ല, സനൂപ് പയ്യന്നൂർ, ഷരീഫ്, കബീർ പട്ടാമ്പി, ഗോപൻ, ആതിര ഗോപൻ തുടങ്ങിയവര്‍ മലയാളി സംഘടനകളെ പ്രതിനിധാനംചെയ്ത് അംബാസഡര്‍ക്ക് ബൊക്കെ നല്‍കി. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള സംഘടനാപ്രതിനിധികളും അംബാസഡർക്ക് ബൊക്കെ നൽകാനെത്തി. അഫ്താബ് റഹ്മാനി അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.