ജിദ്ദ: സൗദി അറേബ്യയിൽ കാലികമായുണ്ടാകുന്ന പകർച്ചപ്പനിക്കെതിരെ (സീസണൽ ഇൻഫ്ലുവൻസ) പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ രാജ്യത്തെ പൗരന്മാരോടും വിദേശികളോടും ആരോഗ്യ മന്ത്രാലയത്തിെൻറ ആഹ്വാനം. ഏറ്റവും അടുത്തുള്ള മെഡിക്കൽ സെൻററുകളിൽ വാക്സിൻ ലഭ്യമാണ്.
പകർച്ചപ്പനിക്കെതിരായ വാക്സിൻ സുരക്ഷിതവും സൗജന്യവുമാണ്. പാർശ്വഫലങ്ങളൊന്നുമില്ലെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും വർഷങ്ങളായി അതിെൻറ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാക്‌സിൻ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കുക, കൈകൾ നന്നായി കഴുകുക, കണ്ണും വായും നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂ പേപ്പർ ഉപയോഗിക്കുക, സ്ഥലത്തിെൻറ ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് പകർച്ചപ്പനി തടയാനുള്ള പ്രതിരോധ മാർഗങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ആരോഗ്യ മന്ത്രാലയം ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. രോഗം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾ, രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, പൊതുസമൂഹത്തിലെ അംഗങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
ആരോഗ്യ കേന്ദ്രങ്ങൾ വഴി വാക്സിൻ എടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനും രോഗബാധിതരുടെയും പകർച്ചപ്പനി കാരണം ആശുപത്രിയിൽ കഴിയുന്ന രോഗികളുടെയും എണ്ണം കുറക്കാനുമാണ് കാമ്പയിനിലൂടെ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.