സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വാടക വർധനക്ക് കടിഞ്ഞാൺ

ധനമന്ത്രി മുഹമ്മദ്​ അൽജദ്​ആൻ

സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വാടക വർധനക്ക് കടിഞ്ഞാൺ

റിയാദ്: സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വർധിച്ചുവരുന്ന വാടകക്കും ഭൂമിയുടെ വിലക്കും തടയിട്ട് വേണ്ട പരിഷ്‌കാരങ്ങൾ വരുത്താൻ നീക്കങ്ങൾ തുടങ്ങി. രാജ്യത്ത് താമസിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പൗരന്മാർക്ക് ഭവന ഉടമസ്ഥാവകാശം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ മാറ്റങ്ങൾ വരുത്തുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദ് ആൻ പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിൽ വിലക്കയറ്റം പരിമിതപ്പെടുത്താനും സന്തുലിതാവസ്ഥ കൈവരിക്കാനും വേണ്ട പരിഷ്‌കാരങ്ങൾ വരുത്താനാണ് നീക്കം.

പൗരന്മാരുടെ ഭവന ആവശ്യകതയുടെ വിടവ് കുറക്കുന്നതിനും, ഭവന സ്ഥിരത വർധിപ്പിക്കുന്നതിനും, മേഖലയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ഈ നടപടി സഹായിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. റിയാദ് നഗരിയിലെ വർധിച്ചുവരുന്ന ഭൂമി വിലയും വാടകയും നിയന്ത്രിക്കുന്നതിന് പ്രത്യേക പരിഹാര മാർഗം സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭൂമി ഇടപാടുകളിലും വികസന പദ്ധതികളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുൾപ്പെടെ വലിയ മാറ്റങ്ങൾ നേരത്തെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ പിന്തുടർച്ചയായാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്താൻ ഒരുങ്ങുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യതയുടെ കാര്യത്തിൽ ലോകാടിസ്ഥാനത്തിൽ രണ്ടാമത്തെ രാജ്യമായി സൗദി മുന്നേറുകയാണ്.

ഈ മേഖലയിൽ സർക്കാർ നടപ്പിലാക്കിയ കാലോചിതമായ നിയമ ഭേദഗതിയാണ് നേട്ടത്തിന് വഴിവെച്ചത്. നിരവധി വികസിത രാജ്യങ്ങളെ പിന്തള്ളിയാണ് സൗദിയുടെ നേട്ടമെന്ന് നേരത്തെ ജെ.എൽ.എൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സൗദിയുടെ സമഗ്ര വികസന പദ്ധതിയായ വിഷൻ 2030ന്റെ ഭാഗമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ വരുത്തിയ പരിഷ്‌കാരങ്ങൾ ഫലപ്രദമായി മുന്നേറുന്നതായാണ് വിലയിരുത്തൽ. സുതാര്യതയുടെ മേഖലയിൽ കൈവരിച്ച നേട്ടവും നഗരവികസന പദ്ധതികൾ സാധ്യമാക്കുന്നതിൽ കൈവരിച്ച ഉയർന്ന സുതാര്യതയും ശ്രദ്ധേയമാണ്.

പൗരന്മാർക്ക് മതിയായ പാർപ്പിടം നൽകുന്നത് ഭരണകൂടത്തി​ന്റെ മുൻഗണനയാണ് - ധനമന്ത്രി

റിയാദ്​: പൗരന്മാർക്ക് മതിയായ പാർപ്പിടം നൽകുന്നത് ഭരണകൂടത്തി​ന്റെ മുൻഗണനയാണെന്ന്​ ധനമന്ത്രി മുഹമ്മദ്​ അൽജദ്​ആൻ പറഞ്ഞു. അൽ അഖ്ബാരിയക്ക് നൽകിയ അഭിമുഖത്തിലാണ്​ ധനമന്ത്രി ഇക്കാര്യം പറഞ്ഞത്​. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​ന്റെ നിർദേശങ്ങൾ പൗരന്മാർക്ക് മതിയായ പാർപ്പിടം നൽകുന്നതിനും അവർക്ക് മാന്യമായ ജീവിതം നേടുന്നതിനുമുള്ള ഭരണകൂടത്തി​ന്റെ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

റിയൽ എസ്റ്റേറ്റ് വിപണിയിൽ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിന് സർക്കാറിന്റെ കൈവശമുള്ള സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള കഴിവ് ഈ നിർദേശങ്ങൾ സ്ഥിരീകരിക്കുന്നു. റിയൽ എസ്റ്റേറ്റ് വിപണിയിലെ സന്തുലിതാവസ്ഥ വിതരണവും ഡിമാൻഡും തമ്മിലുള്ള അന്തരം കുറക്കുന്നതിനും ന്യായീകരിക്കാത്ത വിലക്കയറ്റം പരിമിതപ്പെടുത്തുന്നതിനും സഹായകമാകുമെന്നും ധനമന്ത്രി പറഞ്ഞു. കിരീടാവകാശി പുറപ്പെടുവിച്ച നിർദേശങ്ങൾ ഒരു കൂട്ടം ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണ്​. അതിൽ ആദ്യത്തേത് പൗരൻ പ്രത്യേകിച്ച് പിന്തുണ ഏറ്റവും ആവശ്യമുള്ള പൗരന്മാരാണ്​.

വടക്കൻ റിയാദിലെ സസ്​പെൻസ്​ പിൻവലിച്ച് റിയൽ എസ്റ്റേറ്റ് വിതരണം ഉടനടി വർധിപ്പിക്കുന്നതിനും അർഹതയില്ലാത്ത വിഭാഗങ്ങൾക്കുള്ള പിന്തുണ ഇല്ലാതാക്കുന്നതിനും നിർദേശം സഹായിക്കും. റിയൽ എസ്​റ്റേറ്റ്​ വിതരണത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനുള്ള പരിഹാരങ്ങൾ നൽകുന്നതായും ധനമന്ത്രി പറഞ്ഞു.

Tags:    
News Summary - Saudi Arabia curbs rent hikes in real estate sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.