ജിദ്ദ: ബംഗ്ലാദേശിൽ സൗദി അറേബ്യ രണ്ടു ഫ്ലോട്ടിങ് മെഡിക്കൽ ക്ലിനിക്കുകൾ ആരംഭിച്ചു. കിങ് അബ്ദുല്ല ചാരിറ്റി പദ്ധതിക്കു കീഴിലാണ് ജലയാനങ്ങളിലെ രണ്ടു ഫ്ലോട്ടിങ് ക്ലിനിക്കുകളുടെ പരീക്ഷണ പ്രവർത്തനം ആരംഭിച്ചത്. ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കിന്റെ സഹകരണത്തോടെയാണ് കിങ് അബ്ദുല്ല ചാരിറ്റി പദ്ധതിക്ക് കീഴിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി ആരംഭിച്ചത്.
ബംഗ്ലാദേശിലെ ഗുണഭോക്താക്കൾക്കായി 10 ഫ്ലോട്ടിങ് ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രാഥമികാരോഗ്യ പരിപാലന സേവനങ്ങൾ, രോഗം കണ്ടെത്തൽ, ശസ്ത്രക്രിയ, എക്സ്റേ എന്നീ സേവനങ്ങൾ നൽകുന്നു.
ബംഗ്ലാദേശിൽ 10 ലക്ഷത്തിലധികം പേർക്ക് ആതുരസേവനം നൽകാൻ ഡോക്ടർമാരെയും മെഡിക്കൽ ജീവനക്കാരെയും പരിശീലിപ്പിക്കലും അവരുടെ കാര്യക്ഷമത വർധിപ്പിക്കലും പദ്ധതിക്ക് കീഴിലുണ്ട്. ഏത് സാഹചര്യത്തിലും ഗ്രാമീണ മേഖലയിലെ എല്ലാ ഗുണഭോക്താക്കൾക്കും ആരോഗ്യസേവനം സുഗമമാക്കുകയാണ് ഫ്ലോട്ടിങ് ക്ലിനിക്കുകളിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതി ആരംഭിച്ചതിനുശേഷം ഏഴ് ഏഷ്യൻ രാജ്യങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ 75 ഫ്ലോട്ടിങ് മെഡിക്കൽ ക്ലിനിക്കുകൾ സ്ഥാപിച്ച് ആരോഗ്യ സേവനങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്.
മാനുഷിക പ്രവർത്തനങ്ങൾക്കാണ് കിങ് അബ്ദുല്ല ഇന്റർനാഷനൽ ഫൗണ്ടേഷൻ സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള മാനുഷിക പ്രവർത്തനങ്ങളിൽ ശ്രദ്ധചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. നിരവധി പദ്ധതികൾക്ക് ഫൗണ്ടേഷൻ മേൽനോട്ടം വഹിക്കുന്നു. 15ലധികം രാജ്യങ്ങളിൽ ഫൗണ്ടേഷൻ വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നു.
പാകിസ്താൻ, ഇന്തോനേഷ്യ, നൈജീരിയ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, സോമാലിയ, പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ, സുഡാൻ എന്നീ രാജ്യങ്ങളിൽ പദ്ധതികൾ നടപ്പാക്കുന്നു. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികവും സാമ്പത്തികവുമായ വികസനം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.