നാട്ടിൽ നിന്നും സൗദിയിലേക്കുള്ള വിദഗ്ധ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ യോഗ്യത തെളിയിക്കണം

റിയാദ് : തെരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകൾക്ക് ജൂൺ ഒന്ന് മുതൽ നാട്ടിൽ നിന്നും സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് യോഗ്യത തെളിയിക്കണം. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ ജോലിക്കാരായ, സൗദിയിലേക്ക് പുതിയ വിസയിൽ വരുന്നവർക്കാണ് യോഗ്യത ടെസ്റ്റ് പാസാവേണ്ടത് എന്നാണ് പ്രഥാമിക വിവരം.

https://svp-international.pacc.sa എന്ന അക്രിഡിയേഷൻ വെബ്സൈറ്റിൽ ആണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ വെബ്സൈറ്റിൽ 29 വിദഗ്ദ്ധ ജോലികൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇലക്ട്രീഷ്യൻ, പ്ലംബർ, ഓട്ടോമോട്ടീവ് മെക്കാനിക്, വെൽഡിങ്, എ.സി ടെക്‌നിഷ്യൻ, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ എന്നീ തൊഴിലാളികൾക്കാണ് യോഗ്യത തെളിയിക്കാനുള്ള സെന്ററുകൾ കാണിക്കുന്നത്.

ഇന്ത്യയിൽ ഡൽഹിയിലും ബോംബെയിലുമാണ് സെന്ററുകൾ. ഡോൺബോസ്‌കോ ടെക്‌നികൾ ഇൻസ്റ്റിറ്റ്യൂട്ട്, അറബ്ടെക് ബി.എസ്.എൽ ട്രെയിനിങ് ആൻഡ് ടെസ്റ്റിംഗ് സെന്റർ എന്നീ രണ്ട് സെന്റർ ഡൽഹിയിലും, ഹോസ്റ്റൻ ടെസ്റ്റിംഗ് ആൻഡ് സ്കിൽ അപ്ഗ്രഡേഷൻ അക്കാദമി, അഗ്‌നിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യുട്ട് എന്നീ രണ്ട് സ്ഥാപനങ്ങൾ മുംബൈയിലുമാണ് വെബ് സൈറ്റ് നൽകുന്ന വിവരമനുസരിച്ച് ഇന്ത്യയിലുള്ളത്. ഏതെല്ലാം പ്രൊഫഷനുകളിൽ ഏത് തരം യോഗ്യത തെളിയിക്കലാണ് വേണ്ടത് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത വരാനുണ്ട്. അതെ സമയം ജൂൺ ഒന്ന് മുതൽ തെരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകൾക്ക് യോഗ്യത പരിശോധിച്ച രേഖയില്ലാതെ വിസ സ്റ്റാമ്പിങ്ങിനായി പാസ്പ്പോർട്ടുകൾ സ്വീകരിക്കില്ലെന്ന് സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.