ദമ്മാം: അഞ്ച് വർഷം കഴിഞ്ഞ് സൗദിയിലെത്തുമ്പോൾ ഇവിടെ കണ്ട വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ തന്നെ ആഹ്ലാദിപ്പിക്കുന്നതായി പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാർ പറഞ്ഞു. എല്ലാവരേയും ചേർത്തുപിടിച്ച് കലാസംസ്കാരിക മേഖലകളുടെ വലിയ പുരോഗതിയുടെ പാതയിലൂടെയാണ് രാജ്യം മുന്നേറുന്നതെന്നും സിതാര വ്യക്തമാക്കി.
വാർത്തകളിലുടെ കേട്ടതും അറിഞ്ഞതും സത്യമാണെന്ന് കാഴ്ചകൾ നേരിൽ കണ്ടപ്പോൾ മനസിലായി. ദമ്മാമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഇവിടേക്ക് വരാനുള്ള വസ്ത്രങ്ങൾ എടുത്തുവെക്കുമ്പോൾ പോലും എന്നിൽ സംശയങ്ങളുണ്ടായിരുന്നു. ഇവിടെയുള്ള സുഹൃത്തുക്കൾ ഇവിടെ നിന്നുള്ള ഫോട്ടോകളും വിശേഷങ്ങളുമെല്ലാം അയച്ചുതന്നിരുന്നു.
ചെറിയകാലം കൊണ്ട് ഉണ്ടായ പ്രതീക്ഷ ഉണർത്തുന്ന മാറ്റങ്ങൾ ആളുകൾ ആഘോഷിക്കുന്നുണ്ട്. സൗദിയുടെ ഇത്തിരി സ്ഥലങ്ങളേ കണ്ടിട്ടുള്ളു. നിരവധി ചരിത്ര സ്ഥലങ്ങളും സംസ്കാരിക ഇടങ്ങളുമുള്ള രാജ്യമാണിത്. സൗന്ദര്യമുള്ള ഭൂമികയാണിത്. എല്ലാവരേയും ചേർത്തുപിടിക്കാനുള്ള മനസ്സ് ഈ രാജ്യത്തിനുണ്ട്. ഇവിടം കാണാനായി ഒരിക്കൽകൂടി വരണമെന്ന് ഞാൻ കൊതിക്കുന്നു -സിതാര പറഞ്ഞു.
ഇപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിക്ക് ഒരു വ്യത്യാസവും എനിക്ക് തോന്നുന്നില്ല. എല്ലായിടത്തും ആഘോഷത്തിെൻറ തെളിച്ചം ഞാൻ കാണുന്നു. ആദ്യ യാത്രയിൽതന്നെ സൗദി എന്നെ ആകർഷിച്ചിരുന്നു. അഞ്ച് വർഷം മുമ്പ് വന്ന് തിരിച്ചു പോകുമ്പോഴും പ്രിയപ്പെട്ട കുറേ ഓർമകളെ ഞാൻ കൂടെ കൂട്ടിയിരുന്നു. അന്ന് സൗദിയുടെ സാധാരണ ചന്തയിൽ സാധനങ്ങൾ വാങ്ങാൻ പോയത് അതിസുന്ദരമായ ഒരു അനുഭവമായിരുന്നു. ബൂർഖ ധരിച്ചിരുന്നതിനപ്പുറം സ്നേഹത്തിന്റെ ഭാഷ എല്ലായിടവും ഒന്നാണന്ന് ഞാൻ അറിഞ്ഞു.
പ്രവാസികൾ നാടുമായുള്ള ബന്ധമായാണ് കലാകാരന്മാരെ കാണുന്നത്. കലാകാരന്മാർ ഏറ്റവും വലിയ ഭാഗ്യമുള്ളവരാകുന്നത് പ്രവാസികളുടെ സ്നേഹം അനുഭവിക്കുമ്പോഴാണ്. പ്രതിസന്ധികൾ അവസാനിച്ച രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുമ്പോൾ എത്ര ആത്മബന്ധത്തോടെയാണ് അവർ നമ്മളെ ചേർത്തുനിർത്തുകയും സ്നേഹത്തോടെ പേരു വിളിക്കുകയും ചെയ്യുന്നത്. രാഘവൻ മാഷിന്റെ 'നിയല്ലാതാരുണ്ടെനിക്ക്' എന്ന പാട്ട് പുനഃരവതരിപ്പിച്ചപ്പോൾ കിട്ടിയ ഏറ്റവും വലിയ പിന്തുണയും ആസ്വാദനവും പ്രവാസികളുടേതായിരുന്നു.
പ്രണയവും നാട്ടുസ്നേഹവുമായി ഏറ്റവും കൂടുതൽ ചേർത്തുപിടിക്കുന്നത് പ്രവാസികളാണന്നതിനുള്ള തെളിവാണത്. ഞാൻ വളർന്നത് മലബാറിലാണ്. അവിടെ ഓണവും വിഷുവും ക്രിസ്മസും ആരും പറഞ്ഞ് ഘോഷിപ്പിക്കുന്നതല്ല. അതൊക്കെ നമ്മൾ അറിയാതെ തന്നെ അതിെൻറ ഭാഗമായി മാറുകയായിരുന്നു. ഒരാഘോഷങ്ങളിലും ഒരു വ്യത്യാസവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഇന്ന് ആളുകൾ പറഞ്ഞ് ചിന്തിപ്പിക്കുന്നതാണങ്ങനെ. എല്ലാ ദുരിതകാലങ്ങൾക്കുമപ്പുറം ദൈവം തരുന്ന നല്ല കാലങ്ങളോട് നാം നന്ദി പറയുക. സംഗീതം എല്ലാവരേയും കൂട്ടിയോജിപ്പിക്കുന്ന സ്നേഹമായി തഴുകട്ടെ എന്നാണ് എന്റെ പ്രാർഥനയെന്നും സിതാര പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.